ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; സിറ്റിങ് എംഎല്‍എ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു
അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗിര്‍ സോമനാഥ് ജില്ലയിലെ തലാലയില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയുമായ ഭഗവന്‍ഭായ് ഡി ബരാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി പ്രദീപ്‌സിന്‍ഹ് വഗേലയുടെ സാന്നിധ്യത്തിലാണ് ഭരാദ് തീരുമാനം പ്രഖ്യാപിച്ചത്. ഗിര്‍ സോംനാഥ് ജില്ലയിലെ പ്രമുഖ നേതാവായ ഭരാദ് സൗരാഷ്ട്ര മേഖലയിലെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ പോരാളിയായിരുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന ധനാഭായുടെ മകനായ ഭാരദ്, വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് പ്രഖ്യാപിച്ച ഭരാദ്, ബിജെപിയുടെ വിജയം ഉറപ്പാക്കാന്‍ പരിശ്രമിക്കണമെന്ന് അണികളോട് അഭ്യര്‍ഥിച്ചു. സ്പീക്കര്‍ ഡോ.നിര്‍മല ബെന്‍ ആചാര്യയ്ക്കാണ് രാജിക്കത്ത് കൈമാറിയത്. കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായി ഭഗവന്‍ഭായ് ഡി ബരാദ് അറിയിച്ചിരുന്നു. പാര്‍ട്ടി പ്രാഥമിക അംഗത്വവും അദ്ദേഹം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്.
2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 31,000ത്തിലധികം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എയായി വിജയിച്ചു. സൗരാഷ്ട്ര മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്ന അഹിര്‍ സമുദായത്തില്‍ പെട്ടയാളാണ് അദ്ദേഹം. ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ളയാളാണ്. ബരാദിന്റെ പിതാവ് ധനഭായിയും സഹോദരന്‍ ജഷുഭായിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്നു.
ഭരാദിന്റെ പാര്‍ട്ടി മാറ്റത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധികളുടെ എണ്ണം 60 ആയി ചുരുങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആദിവാസി നേതാവും 11 തവണ എംഎല്‍എയുമായിരുന്ന മോഹന്‍ സിങ് രത്‌വ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു. ഛോട്ടാ ഉദേപൂര്‍ മണ്ഡലത്തെയാണ് രത്വ പ്രതിനിധീകരിച്ചിരുന്നത്. പ്രമുഖ ഗോത്രവര്‍ഗ നേതാവായ രത്‌വയും മക്കളായ രജുഭായ് രത്‌വ, രഞ്ജിത് ഭായ് രത്‌വ എന്നിവര്‍ അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ വച്ച് ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്തില്‍ ഡിസംബര്‍ ഒന്ന്, അഞ്ച് തിയ്യതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും.