കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ മല്‍സ്യബന്ധന നിയന്ത്രണ നിയമം കടലിനെ കുത്തകകള്‍ക്ക് മറിച്ചുനല്‍കുന്നതിനുള്ളതാണെന്ന് കേരള ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ വ്യാഴാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പരമ്പരാഗത ചെറുകിട മല്‍സ്യബന്ധന സമൂഹത്തെ സംരക്ഷിക്കുന്നതിന് പകരം അവര്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ പുതിയ സെസ് ഏര്‍പ്പെടുത്താനാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. തീരപരിപാലന വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഭവനനിര്‍മാണത്തിന് മല്‍സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും ഇളവ് അനുവദിച്ച് നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്ന് ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി കേരളത്തില്‍ മല്‍സ്യങ്ങളുടെ ഉല്‍പ്പാദനം കുത്തനെ ഇടിയുകയും പരമ്പരാഗത മല്‍സ്യത്തൊഴിലാളി സമൂഹം ആത്മഹത്യാ മുനമ്പിലെത്തിയിരിക്കുകയുമാണ്. മേഖലയുടെ പുനസംഘടനത്തിനായി ഒരു മല്‍സ്യവറുതി പാക്കേജ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും അനുവദിച്ചിട്ടില്ലെന്ന് കമ്മിറ്റി ആരോപിച്ചു. 2017ലെ ഓഖിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച പുനരധിവാസ പാക്കേജിന്റെ നൂറിലൊന്ന് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രളയുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട തുകയിലും നാലിലൊന്നു പോലും ഇനിയും അനുവദിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ കേരളാ പ്രദേശ് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റണി കളരിക്കല്‍, കേരള സ്‌റ്റേറ്റ് മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി രഘുവരന്‍, കേരളാ മല്‍സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്, നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം പ്രസിഡന്റ് ടി പീറ്റര്‍ എന്നിവരും പങ്കെടുത്തു.