ജെഎന്‍യു: വിദ്യാര്‍ഥി സമരം തുടരുന്നു; ഇന്ന് വീണ്ടും പാര്‍ലിമെന്റ് മാര്‍ച്ച്
അതിനിടെ, വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി വെള്ളിയാഴ്ച വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരേ ജെ എന്‍യു വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം തുടരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ വീണ്ടും പാര്‍ലിമെന്റ് മാര്‍ച്ച് നടത്തും. രാവിലെ 11നു മണ്ഡി ഹൗസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ച് തടയുകയും വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, തെരുവുവിളക്കുകള്‍ അണച്ച് കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പോലിസ് മര്‍ദ്ദിച്ചത് വന്‍ പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. പോലിസ് അതിക്രമത്തിനെതിരേ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ കൗണ്‍സിലര്‍ വിഷ്ണുപ്രസാദ് ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കുകയും ചെയ്തിരുന്നു.
അതിനിടെ, വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി വെള്ളിയാഴ്ച കാംപസിലെത്തി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. വിദ്യാര്‍ഥികള്‍ മുന്നേട്ടുവച്ച ആവശ്യങ്ങളില്‍ പകുതിയിലേറെ സമിതി അംഗീകരിച്ചതായാണു സൂചനയെങ്കിലും അന്തിമ തീരുമാനം തിങ്കളാഴ്ച മാത്രമേ ഉണ്ടാവൂ. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിക്ക് നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, ഫീസ് വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് വിദ്യാര്‍ഥി യൂനിയന്‍. ഇന്ന് വീണ്ടും പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.