യാത്രക്കാരെ മര്‍ദിച്ച് ഇറക്കി വിട്ട സംഭവം: ബസ് ഓപറേറ്റേഴ്‌സിന് കടിഞ്ഞാണുമായി പോലിസ്

ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് അതാതു പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.യാത്രക്കാരോട് മാന്യമായ പെരുമാറാത്ത ജീവനക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.ബസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പരാതികള്‍ക്കും ബസുടമകള്‍ ആയിരിക്കും ഉത്തരവാദി

Update: 2019-04-24 06:16 GMT

കൊച്ചി: സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നതുള്‍പ്പെടെയുള്ള ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്‌സിന് കടിഞ്ഞാണുമായി കൊച്ചി പോലീസ്.ബസില്‍ പുതുതായി ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പായി അതാതു പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഡി ഐ ജിയും കൊച്ചി സിറ്റി പോലിസ് കമ്മീഷണറുമായ എസ് സുരേന്ദ്രന്‍ നിര്‍ദേശിച്ചു.നിലവില്‍ ജോലിയെടുക്കുന്നവരും പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി പോലിസില്‍ ഹാജരാക്കണം.ബസിലെ ജീവനക്കാരുടെ പേരും മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് വ്യക്തമായി വായിക്കാവുന്ന വിധത്തില്‍ ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷണര്‍ ബസ് ഓപറേറ്റേഴ്‌സിനു നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.എല്ലാ ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്‌സും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ് ഓപറേറ്റേഴ്‌സും അവരുടെ ഓഫിസ് സംബന്ധമായ വിവരങ്ങളും ബസ് സര്‍വീസിന്റെ ഷെഡ്യുളുകളും ആളുകളെ കയറ്റുന്ന സ്ഥലങ്ങളുടെ വിവരങ്ങളും ബസ്,ഓഫിസ് ജീവനക്കാരുടെ വിവരങ്ങളും രേഖകളും ഫോണ്‍ നമ്പറും നാളെയ്ക്കകം കമ്മീഷണര്‍ ഓഫിസില്‍ ഹാജരാക്കണമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ നിര്‍ദേശിച്ചു.യാത്രക്കാരോട് മാന്യമായ പെരുമാറാത്ത ജീവനക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.ബസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പരാതികള്‍ക്കും ബസുടമകള്‍ ആയിരിക്കും ഉത്തരവാദിയെന്നും കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News