ഡോക്ടറുടെ പിടിവാശി കാരണം രോഗി രണ്ടുമണിക്കൂര്‍ ആംബുലന്‍സില്‍; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Update: 2021-04-25 02:13 GMT

കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തലക്കുളത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് തുടര്‍ചികില്‍സയ്ക്ക് അയച്ച രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ രണ്ടുമണിക്കൂര്‍ ആംബുലന്‍സില്‍ കഴിയേണ്ടിവന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

തലക്കുളത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറും വിശദീകരണം ഹാജരാക്കണം. ബൈക്കിടിച്ച് കാലിന്റെ എല്ലുപൊട്ടിയ കക്കോടി മോരിക്കര സ്വദേശി വാസുദേവനാണ് (70) ഡോക്ടറുടെ പിടിവാശി കാരണം ആംബുലന്‍സില്‍ കഴിയേണ്ടിവന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വാസുദേവനെ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് തുടര്‍ചികില്‍സയ്ക്കായി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് അയച്ചത്. ഡോക്ടറില്ലെന്ന് പറഞ്ഞാണ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ചത്.

ബന്ധുക്കള്‍ ഡോക്ടറെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹവും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. അക്കാര്യം എഴുതിത്തന്നാല്‍ മെഡിക്കല്‍ കോളജിലേക്ക് തിരികെ കൊണ്ടുപോവാമെന്ന് ബന്ധുക്കള്‍ പറഞ്ഞിട്ടും ഡോക്ടര്‍ തയ്യാറായില്ല. പിന്നീട് ജനപ്രതിനിധികള്‍ ഇടപെട്ടാണ് രോഗിക്ക് തലക്കുളത്തൂര്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചത്. രാത്രി എട്ടിന് ആശുപത്രിയിലെത്തിയ വാസുദേവന്‍ 10 വരെ ആംബുലന്‍സില്‍തന്നെ കഴിഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

Tags:    

Similar News