കേന്ദ്രമന്ത്രി വി മുരളീധരന്‍ മാപ്പു പറയണമെന്ന് പിഡിപി; റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

മഅ്ദനി വിഷയത്തില്‍ ജുഡീഷ്യറിയെ അപമാനിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ പിഡിപി ജില്ല കമ്മിറ്റി ആലുവ റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.പിഡിപി കേന്ദ്രകമ്മിറ്റി അംഗം ടി എ മുജീബ്‌റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

Update: 2021-09-13 14:24 GMT

കൊച്ചി : പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതി കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയാണെന്ന് പരസ്യപ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ ജുഡീഷ്യറിയെ അപമാനിക്കുകയായിരുന്നുവെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും പിഡിപി കേന്ദ്രകമ്മിറ്റി അംഗം ടി എ മുജീബ്‌റഹ്മാന്‍. മഅ്ദനി വിഷയത്തില്‍ ജുഡീഷ്യറിയെ അപമാനിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ പിഡിപി ജില്ല കമ്മിറ്റി ആലുവ റെയില്‍വേ സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂര്‍ കേസില്‍ അന്യായമായി വിചാരണത്തടവിലടക്കപ്പെട്ട മഅ്ദനിയെ സ്‌പെഷ്യല്‍ കോടതി നിരപരാധിയെന്ന് കണ്ടെത്തി വെറുതെ വിടുകയും ചെന്നൈ ഹൈക്കോടതി ആ വിധി ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ കുറ്റവാളിയെന്ന് കോടതി കണ്ടെത്തി ശിക്ഷിക്കപ്പെട്ട് ജയിലിലടച്ച മഅ്ദനിക്ക് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന് പരസ്യപ്രസ്താവന നടത്തിയ വി മുരളീധരന് ഭരണഘടനാ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പരസ്യമായി പച്ചക്കള്ളം വിളിച്ച് പറയുന്ന മന്ത്രി കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അന്യായമായി തുടരുന്ന മഅ്ദനിയുടെ തടവറവാസം നീട്ടിക്കൊണ്ട് പോകുന്നതിനുള്ള കള്ളപ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക ഭാഷ്യം നല്‍കുകയാണ് മന്ത്രി ചെയ്യുന്നതെന്ന് കേരളീയ പൊതുസമൂഹത്തിന് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ പോലിസ് തടഞ്ഞു. ജില്ല പ്രസിഡന്റ് വി എം അലിയാര്‍ , ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര , വൈസ്പ്രസിഡന്റ് അഷറഫ് വാഴക്കാല , ഖജാന്‍ജി ലത്തീഫ് പള്ളുരുത്തി മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News