ബിനോയ് വിശ്വം കണ്ണടച്ചാല്‍ കേരളമാകെ ഇരുട്ടാവില്ല: പിഡിപി
എല്‍ഡിഎഫുമായും യുഡിഎഫുമായും ധാരണയുണ്ടാക്കിയ ചരിത്രം ആരും മറക്കരുതെന്ന് പിഡിപി
തൃശൂര്‍: പിഡിപിയുമായി ഒരു കാലത്തും സിപിഐ രാഷ്ട്രീയധാരണ ഉണ്ടാക്കിയിട്ടില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന രാഷ്ട്രീയ കേരളം കേട്ട ഏറ്റവും പുതിയ തമാശയാണെന്ന് പിഡിപി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച നാലു മണ്ഡലങ്ങളിലും പരസ്യപ്രചാരണം നടത്തിയത് അദ്ദേഹം മറന്നാലും കേരള ജനത മറന്നിട്ടില്ല.
ബിനോയ് വിശ്വം കണ്ണടച്ചാല്‍ അദ്ദേഹത്തിന് മാത്രമേ ഇരുട്ടാവുകയുള്ളൂ. ഇന്നലെ അദ്ദേഹം ഈ പ്രസ്താവന നടത്തുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ആരെങ്കിലും ഒരാള്‍ ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കാതെ വന്നതുകൊണ്ടാണ് പിഡിപി നേതൃത്വം പ്രതികരിക്കേണ്ടി വന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
രാഹുല്‍ഗാന്ധി മത്സരിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പോലും പിഡിപി ആനിരാജക്കൊപ്പം നിലകൊണ്ടത് സിപിഐയോടുള്ള പ്രത്യേക താല്പര്യം കൊണ്ടല്ല. മറിച്ച് ഇടതുമതേതര ചേരിക്കൊപ്പം നിലകൊള്ളാന്‍ പതിറ്റാണ്ടുകളായി പാര്‍ട്ടിയെടുത്ത രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തിലാണെന്നത് ബിനോയ് വിശ്വം മറന്ന് പോകരുതെന്ന് നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി.
ഇടതുഭരണകൂടം പ്രതിസന്ധിയിലാകുമ്പോളും ഇടതുമുന്നണി പ്രതിസന്ധിയിലാകുമ്പോളും യുഡിഎഫിനോടൊപ്പം ചേര്‍ന്ന് നിന്ന് സിപിഎമ്മിനെ വേട്ടയാടുന്ന രാഷ്ട്രീയ സമീപനം എല്ലാക്കാലത്തും സിപിഐ സ്വീകരിച്ചിട്ടുണ്ട്. അത് ഇടതുമുന്നണിയിലെ ആഭ്യന്തര പ്രശ്‌നമാണെന്നതിനാല്‍ മുന്നണിക്ക് പുറത്തുള്ള കക്ഷി എന്ന നിലയില്‍ പിഡിപി അഭിപ്രായം പറയുന്നില്ല.
യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, വി ഡി സതീശന്‍, കെ മുരളീധരന്‍, ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മഅ്ദനിയോടൊപ്പം വേദി പങ്കിട്ട കാര്യം വലിയ വിമര്‍ശനത്തോടെ ഉന്നയിക്കുന്നത് കേള്‍ക്കാനിടയായി. ഇടക്കിടക്ക് ഇത് ഓര്‍മ്മിപ്പിച്ചാല്‍ പിഡിപി യുഡിഎഫിനെ പിന്തുണച്ച കാലഘട്ടം ജനങ്ങളില്‍ നിന്ന് മറച്ച് പിടിക്കാമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഡിപി. പിന്തുണ തേടി കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനിയെ കാണാന്‍ ക്യൂ നിന്നവരില്‍ കോണ്‍ഗ്രസിന്റേയും ലീഗിന്റേയും ഉന്നത നേതാക്കള്‍ എല്ലാവരുമുണ്ടായിരുന്നു.
തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത്കുമാര്‍ ആസാദ്, മജീദ് ചേര്‍പ്പ്, ജില്ല പ്രസിഡന്റ് നൗഷാദ് കക്കാട്, ജെന്‍സണ്‍ ആലപ്പാട്ട്, ഫിറോസ് തോട്ടപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.