പേരാമ്പ്ര മല്‍സ്യമാര്‍ക്കറ്റ്: മുസ്‌ലിം ലീഗ്- സിപിഎം അക്രമം അപലപനീയമെന്ന് എസ് ഡിപിഐ

പേരാമ്പ്രയിലെ മല്‍സ്യമാര്‍ക്കറ്റ് തകര്‍ക്കാന്‍ സിപിഎം പലപ്പോഴായി നടത്തിയ ശ്രമം വിജയം കാണാതിരുന്നപ്പോള്‍ ലീഗ് പ്രവര്‍ത്തകരെ തന്നെ ഉപയോഗപ്പെടുത്തി തകര്‍ക്കാന്‍ ഒരുങ്ങിയ കാഴ്ചയാണ് ഇന്നലത്തെ അക്രമത്തിലൂടെ പേരാമ്പ്രയില്‍ ദ്യശ്യമായത്.

Update: 2020-08-21 08:32 GMT

പേരാമ്പ്ര: പേരാമ്പ്ര മല്‍സ്യമാര്‍ക്കറ്റിലെ യൂനിയന്‍ ആധിപത്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പാവപ്പെട്ട തൊഴിലാളികളെ ഉപയോഗപ്പെടുത്തി പേരാമ്പ്ര മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കെതിരേ മാരകായുധങ്ങളുമായി സിപിഎം നടത്തിയ അക്രമം കാടത്തവും കൊവിഡ് 19 സാമൂഹ്യ വ്യാപനകാലത്ത് നീതികരിക്കാനാവാത്തതുമാണെന്ന് എസ് ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആരോപിച്ചു. പേരാമ്പ്രയിലെ മല്‍സ്യമാര്‍ക്കറ്റ് തകര്‍ക്കാന്‍ സിപിഎം പലപ്പോഴായി നടത്തിയ ശ്രമം വിജയം കാണാതിരുന്നപ്പോള്‍ ലീഗ് പ്രവര്‍ത്തകരെ തന്നെ ഉപയോഗപ്പെടുത്തി തകര്‍ക്കാന്‍ ഒരുങ്ങിയ കാഴ്ചയാണ് ഇന്നലത്തെ അക്രമത്തിലൂടെ പേരാമ്പ്രയില്‍ ദ്യശ്യമായത്.

മല്‍സ്യമാര്‍ക്കറ്റില്‍ സിഐടിയു അംഗങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ ജോലി ചെയ്ത് കുടുംബം പോറ്റിവരുന്നുണ്ട്. സിപിഎം തൊഴിലാളികളെ ഉപയോഗപ്പെടുത്തി നടത്തിയ അക്രമത്തില്‍ നിരവധി മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റ സംഭവം ഞെട്ടലുളവാക്കുന്നതാണ്. പേരാമ്പ്ര മല്‍സ്യമാര്‍ക്കറ്റ് തകര്‍ക്കാന്‍ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ അക്രമത്തിന് നേതൃത്വം നല്‍കിയതിലൂടെ പേരാമ്പ്രയിലെ പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും സിപിഎം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കണം. തല്‍പരകക്ഷികള്‍ക്ക് മല്‍സ്യക്കച്ചവടത്തിന് അനുമതിയില്ലാത്തതില്‍ വിറളിപൂണ്ട് പാവപ്പെട്ട തൊഴിലാളികളില്‍ ഭിന്നിപ്പുണ്ടാക്കി തമ്മിലടിപ്പിച്ച് പേരാമ്പ്ര മല്‍സ്യമാര്‍ക്കറ്റും മല്‍സ്യക്കച്ചവടവും തകര്‍ക്കാനുള്ള ശ്രമമാണ് അക്രമത്തിന് പിന്നിലെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.

പേരാമ്പ്ര മല്‍സ്യമാര്‍ക്കറ്റിലെ ലീഗ്- സിപിഎം അക്രമത്തില്‍ എസ് ഡിപിഐയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വ്യാജപ്രചരണം നടത്തുന്നവര്‍ അക്രമത്തിന് സിപിഎം ഉപയോഗപ്പെടുത്തുന്നത് മുസ്‌ലിംലീഗില്‍നിന്ന് രാജിവച്ച ഒരുപറ്റം ആളുകളെയാണെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാണെന്നും ഇത്തരം വ്യാജ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും മണ്ഡലം കമ്മിറ്റി അറിയിച്ചു. ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഹമീദ് എടവരാട് അധ്യക്ഷത വഹിച്ചു. മുഹമ്മദലി കന്നാട്ടി, ഹമീദ് കടിയങ്ങാട്, പി കെ അബൂബക്കര്‍, സി കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, കുഞ്ഞമ്മത് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News