പെരിയ ഇരട്ടക്കൊലപാതകം:ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറുന്നില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍
കേസിന്റ ഡയറി ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരും സിബിഐയും ഹൈക്കോടതിയില്‍ നേര്‍ക്കുനേര്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടു.നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍,കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റ ഡയറി ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരും സിബിഐയും ഹൈക്കോടതിയില്‍ നേര്‍ക്കുനേര്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടു.നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. സിംഗിള്‍ബഞ്ച് സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടപ്പോള്‍ ഇതിനെതിരെയുള്ള അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണെന്നു വ്യക്തമാക്കി കേസ് ഡയറി കൈമാറിയിരുന്നില്ല. ഇതേ തുടര്‍ന്നു ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ അഡ്വ. ടി ആസഫലി മുഖേന കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചിരുന്നു.
കേസ് ഫയല്‍ കൈമാറുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബഞ്ചില്‍ ഇപ്പോള്‍ ഹരജി പരിഗണനയിലുണ്ട്. സിബിഐ അന്വേഷണത്തിനെതിരായ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ തല്‍ക്കാലം കേസ് ഡയറി കൈമാറാനാകില്ലെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചു. അങ്ങിനെയെങ്കില്‍ കേസിന്റെ പ്രത്യേകത പരിഗണിച്ച് കേസ് ഡയറി ഹൈക്കോടതിയില്‍ സൂക്ഷിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കോടതി അത്തരത്തില്‍ ഒരുത്തരവിട്ടാല്‍ കേസ് ഡയറി കൈമാറാമെന്ന് സര്‍ക്കാരും ബോധിപ്പിച്ചു. കേസിലെ പ്രതികളിലൊരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കേസ് ഡയറി കൈമാറാത്ത വിവരം സിബിഐ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കേസ് ഡയറി പിടിച്ചെടുക്കുന്നതിന് മുന്നോടിയായി അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞദിവസം ക്രിമിനല്‍ നടപടി നിയമം 91ാം വകുപ്പ് പ്രകാരം സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.