പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍

മരിച്ച കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കളാണ് ഹരജി നല്‍കിയിരിക്കുന്നത്. സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Update: 2019-05-24 02:06 GMT

കോഴിക്കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരിച്ച കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കളാണ് ഹരജി നല്‍കിയിരിക്കുന്നത്. സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹരജിയിലെ ആവശ്യം.

എന്നാല്‍, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനി സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹരജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ സത്യവാങ്മൂലവും നല്‍കിയിരുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നത്. കൊലപാതകത്തില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം അന്വേഷണസംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ കൊലപാതകമെന്ന് എഫ്‌ഐആറില്‍ പറഞ്ഞശേഷം പിന്നീടെങ്ങനെ അത് വ്യക്തിവൈരാഗ്യമായി മാറിയെന്ന് കോടതി ചോദിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നിട്ടും കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കാറില്‍നിന്നും എന്തുകൊണ്ട് വിരലടയാളം ശേഖരിച്ചില്ലെന്നും കോടതി അന്വേഷണസംഘത്തോട് ചോദിച്ചിരുന്നു. കേസിലെ പ്രതികള്‍ ജാമ്യാപേക്ഷയുമായി സമീപിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം. 

Tags:    

Similar News