പെരിയ ഇരട്ടക്കൊല: കാരണം വ്യക്തിവൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച് റിപോര്‍ട്ട്
നേരത്തേയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ച് റിപോര്‍ട്ട് .
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക റിപോര്‍ട്ട്. നേരത്തേയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ച് റിപോര്‍ട്ട് . തിരിച്ചടിക്കാനായി ആസൂത്രണം ചെയ്ത് കാത്തിരുന്നതായും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 17നു രാത്രി 8ഓടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളായ ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ലോക്കല്‍ പോലിസ് സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുശേഷം ക്രൈംബ്രാഞ്ചിനു അന്വേഷണം കൈമാറുകയും ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുണ്ട്.