പെരിയാറിലെ വെള്ളപ്പൊക്കം; നിയന്ത്രണത്തിന് നടപടിയുമായി മന്ത്രി പി രാജീവ്

വിശദമായ പദ്ധതിക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായി പെരിയാറിലും കൈവഴികളിലും ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി

Update: 2021-06-09 16:02 GMT

കൊച്ചി: മഴക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് സുഗമമാക്കി വെള്ളപ്പൊക്ക സാധ്യതകള്‍ നിയന്ത്രണ വിധേയമാക്കാനുള്ള വിശദമായ പദ്ധതിക്ക് രൂപം നല്‍കുന്നതിന് വ്യവസായ വകുപ്പു മന്ത്രിയും കളമശേരി എംഎല്‍എയുമായ പി രാജീവിന്റെ ഇടപെടല്‍. ഇതിന്റെ ഭാഗമായി പെരിയാറിലും കൈവഴികളിലും ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഡിപ്പോ കടവ് പ്രദേശത്തെ അടിഞ്ഞു കൂടി കിടക്കുന്ന എക്കല്‍ നീക്കം ചെയ്ത് പെരിയാറിന്റെ നീരൊഴുക്ക് സുമമാക്കുന്നതിനും കണ്ടെയ്നര്‍ റോഡിലെ മാടപ്പാട്ട് കല്‍വെര്‍ട്ടിലെ അശാസ്ത്രീയ നിര്‍മ്മാണം മൂലമുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

പെരിയാറിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടറുകളിലെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. കടുങ്ങലൂര്‍ പഞ്ചായത്തിലെ പെരിയാറില്‍ തുടങ്ങി പെരിയാറില്‍ അവസാനിക്കുന്ന ഓഞ്ഞിത്തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനും ഇരു ഭാഗത്തേയും തടസ്സങ്ങള്‍ നീക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. ആലങ്ങാട് പഞ്ചായത്തിലെ തിരുവാലൂര്‍ കുണ്ടേലി ഇറിഗേഷന്‍ കനാല്‍ പുതുക്കിപ്പണിതപ്പോള്‍ വട്ടക്കരി തോട്ടില്‍ നിക്ഷേപിച്ചിരുന്ന കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനും ബന്ധപ്പെട്ട പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

കരുമാലൂര്‍ പഞ്ചായത്തിലെ പെരിയാറില്‍ തുടങ്ങി പെരിയാറില്‍ അവസാനിക്കുന്ന നര്‍ണി തോട് പോളയും പുല്ലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനും നിര്‍ദ്ദേശം നല്‍കി. തടിക്കക്കടവ് പാലം നിര്‍മ്മാണത്തിലെ അപാകത മൂലം പെരിയാറില്‍ വീണ രണ്ടു ഗര്‍ഡറുകള്‍ അടിയന്തിരമായി പൊട്ടിച്ച് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. കുന്നുകര പഞ്ചായത്തിലെ ചാലാക്ക കോരന്‍ കടവ് പഴയ പാലത്തില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ റഗുലേറ്റുകള്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബീമുകളും പില്ലറുകളും പൊളിച്ചു മാറ്റി മാഞ്ഞാലി തോട്ടിലെ നീരൊഴുക്ക് സുഗമമാക്കാനും നിര്‍ദേശം നല്‍കി.

വിടാക്കുഴ പാടശേഖരങ്ങിലേക്ക് പോകുന്ന മുതലക്കുഴി തോട് വാട്ടര്‍ അതോറിറ്റിയുടെ ഇന്‍സ്പെക്ഷന്‍ റോഡിലെ കല്‍വെര്‍ട്ടുകള്‍ പൊളിച്ചു പണിയുന്നതിനും പെരിങ്ങഴച്ചിറയില്‍ നിന്നും പെരിയാറിലേക്ക് നീരൊഴുക്ക് സുഗമമാക്കുന്നതിനും, മണ്ഡലത്തിലെ പെരിയാറും അതിനോടനുബന്ധിച്ചുള്ള കൈ വഴികളുടേയും സുഗമമായ നീരൊഴുക്ക് പുനസ്ഥാപിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാജി ചന്ദ്രനെ ചുമതലപ്പെടുത്തി.

Tags:    

Similar News