തൃശൂര്‍: തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ 'പെസോ' ആണ് അനുമതി നല്‍കിയത്. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി നല്‍കിയത്. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് 11ന് പുലര്‍ച്ചെ വെടിക്കെട്ട് നടത്തും. സാംപിള്‍ വെടിക്കെട്ട് മെയ് എട്ടിന് നടത്തും. മെയ് 10നാണ് തൃശൂര്‍ പൂരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താന്‍ തീരുമാനമായത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂരനഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം പൂരപ്രേമികള്‍ക്ക് പൂര നഗരയില്‍ പ്രവേശനമുണ്ടാവും.
കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ദേവസ്വങ്ങളോടും ഓരോ വകുപ്പുകളോടും പൂരം നടത്തിപ്പിനെക്കുറിച്ചുള്ള റിപോര്‍ട്ട് തയ്യാറാക്കാന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കലക്ടര്‍ക്ക് റിപോര്‍ട്ട് ചെയ്യണം. ഈ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ പകുതിയോടെ വീണ്ടും ഉന്നതതല യോഗം ചേര്‍ന്ന് അന്തിമതീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാവും അന്തിമതീരുമാനം. റവന്യൂമന്ത്രി കെ രാജനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.