പെട്രോകെമിക്കല്‍ പാര്‍ക്ക്: കിന്‍ഫ്രയും ബിപിസിഎല്ലും ധാരണാപത്രം ഒപ്പിട്ടു
2024 ല്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.സംസ്ഥാനത്തിന്റെ വ്യവസായ, സാമ്പത്തികവളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും ലക്ഷമിട്ട് അമ്പലമുകളിലെ 481 ഏക്കര്‍ ഭൂമിയിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്
കൊച്ചി: എറണാകുളം അമ്പലമുഗളില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്ക് പദ്ധതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ കിന്‍ഫ്രയും ബിപിസിഎല്ലും ഒപ്പുവച്ചു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ബിപിസിഎല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഭികാഷ് ജെന എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. 2024 ല്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തിന്റെ വ്യവസായ, സാമ്പത്തികവളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും ലക്ഷമിട്ട് അമ്പലമുകളിലെ 481 ഏക്കര്‍ ഭൂമിയിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. പെട്രോകെമിക്കല്‍ വ്യവസായത്തിലെ മുന്‍നിര സ്ഥാപനമായ ബിപിസിഎല്ലിന് 171 ഏക്കര്‍ ഭൂമി പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്. 250 ഏക്കര്‍ ഭൂമിയില്‍ പെട്രോകെമിക്കല്‍ വ്യവസായ യൂനിറ്റുകള്‍ക്കും സ്ഥലം അനുവദിക്കും. ബിപിസിഎല്‍ നല്‍കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുക.
പാര്‍ക്കിലെത്തുന്ന വ്യവസായ യൂനിറ്റുകള്‍ക്ക് ബിപിസിഎല്‍ പിന്തുണ നല്‍കുകയും ചെയ്യും. പാര്‍ക്ക് സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് കിന്‍ഫ്രയും ബിപിസിഎല്ലും തീരുമാനിച്ചിട്ടുണ്ട്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവന്‍, ഡയറക്ടര്‍ എസ് ഹരികിഷോര്‍, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന, എ എന്‍ ശ്രീറാം, കുര്യന്‍ ആലപ്പാട്ട്, ജോര്‍ജ്ജ് തോമസ്, എസ് ശ്രീനിവാസന്‍, കണ്ണബീരാന്‍ പങ്കെടുത്തു.