പെട്ടിമുടി ദുരന്തം: ഇന്ന് ആരെയും കണ്ടെത്തിയില്ല; മേഖലയില്‍ കടുവയുടെ സാന്നിധ്യം
പെട്ടിമുടി ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ മൂന്നാറില്‍ പ്രത്യേക യോഗം ചേരും. ദുരന്തം നടന്ന പ്രദേശത്ത് മണ്ണുനീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂര്‍ത്തിയായി.
ഇടുക്കി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്നും കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവല്‍ ബാങ്ക് മേഖലയിലുമാണ് തിരച്ചില്‍ നടത്തിയത്. ഇന്ന് ഭൂതക്കുഴി മേഖലയില്‍ കടുവയെ കണ്ടത് തിരച്ചില്‍ സംഘത്തിനിടയില്‍ ആശങ്ക പരത്തി. കഴിഞ്ഞ ദിവസവും മേഖലയില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.
നിബിഡ വനപ്രദേശം കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ ഏറെ ദുഷ്‌കരമാണ്. കടുവയെ കണ്ട സാഹചര്യത്തില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാവും ഇനിയുള്ള തിരച്ചില്‍. പെട്ടിമുടി ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ മൂന്നാറില്‍ പ്രത്യേക യോഗം ചേരും. ദുരന്തം നടന്ന പ്രദേശത്ത് മണ്ണുനീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂര്‍ത്തിയായി.
ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി നടത്തുന്ന തിരച്ചില്‍ 16ാം ദിവസം പിന്നിട്ടിരിക്കുകയാണ്. ശേഷിക്കുന്ന അഞ്ചുപേര്‍ക്കുള്ള തിരിച്ചിലാണ് നടന്നുവരുന്നത്. മഞ്ഞുമൂടിയ അന്തരീക്ഷമാണ് പെട്ടിമുടിയില്‍. അതുകൊണ്ടുതന്നെ തിരച്ചില്‍ ഏറെ ശ്രമകരമാണ്. പ്രദേശവാസികളെ കൂടുതലായി തിരച്ചില്‍ പങ്കെടുപ്പിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. റഡാര്‍ സംവിധാനം കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കിലും ദുരന്തപ്രദേശത്തുനിന്നും ആരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല.
കാടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന വനംവകുപ്പ് ജീവനക്കാര്‍ പ്രദേശവാസികള്‍, പോലിസ്, ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ തിരച്ചില്‍ നടന്നത്. തിരച്ചിലിന് നേതൃത്വം നല്‍കാന്‍ പ്രദേശത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സജീവസാന്നിധ്യമുണ്ട്.