പിജി ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്‌കരണം തുടരുന്നു; പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും പണിമുടക്കില്‍

Update: 2021-12-13 04:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ അത്യാഹിത വിഭാഗം ഡ്യൂട്ടി ബഹിഷ്‌കരണ സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുന്നു. പിജി ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും പണിമുടക്ക് നടത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലായി. ഹൗസ് സര്‍ജന്‍മാര്‍ ഇന്ന് രാവിലെ എട്ട് മണി മുതലാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. എമര്‍ജന്‍സി, കൊവിഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കില്ല. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പിജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.

മെഡിക്കല്‍ കോളജുകളില്‍ നാലുദിവസമായി ചികില്‍സാ സംവിധാനങ്ങള്‍ താളംതെറ്റിയ അവസ്ഥയിലാണ്. ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റുകയും ഒപി ചികില്‍സ മുടങ്ങിയ അവസ്ഥയിലുമാണ്. നാല് ശതമാനം സ്‌റ്റൈപന്‍ഡ് വര്‍ധന, പിജിക്കാരുടെ സമരം മൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് ഒപിയിലും വാര്‍ഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സര്‍ജന്‍മാര്‍ പ്രതിഷേധിക്കുന്നത്. ആലപ്പുഴയില്‍ ഹൗസ് സര്‍ജനെ ആക്രമിക്കുകയും അസിസ്റ്റന്റ് പ്രഫസറെ അസഭ്യം പറയുകയും ചെയ്തതിലും ഒരാഴ്ച 60ലധികം മണിക്കൂര്‍ വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവരുന്നതിലും പ്രതിഷേധിച്ച് കേരള ഗവ.പിജി മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെ ഒപി ബഹിഷ്‌കരിക്കും.

അതേസമയം, സര്‍ക്കാര്‍ നിയമിക്കുമെന്ന് പറഞ്ഞ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാക്കുള്ള അഭിമുഖം ഇന്ന് മെഡിക്കല്‍ കോളജുകളില്‍ നടക്കുന്നുണ്ട്. വിഷയത്തില്‍ രണ്ടുവട്ടം ചര്‍ച്ചനടത്തിയതായും ആവശ്യങ്ങള്‍ അംഗീകരിച്ചതായുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. ആവശ്യങ്ങളില്‍ ചിലതുമാത്രമാണ് അംഗീകരിച്ചതെന്നും മറ്റുള്ളവ സംബന്ധിച്ച് ഒരു മറുപടിയും പറയുന്നില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്.

പിജി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. റെസിഡന്‍സി സമ്പ്രദായം നിലവിലുള്ള മെഡിക്കല്‍ കോളജുകളില്‍ രോഗീപരിചരണം പിജി വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമാണ്. പിജി വിദ്യാര്‍ഥികളുടെ അഭാവംമൂലം ചികില്‍സയുമായി ബന്ധപ്പെട്ട അമിതജോലിഭാരം പൂര്‍ണമായും ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് സാധ്യമല്ലെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ബിനോയിയും സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്‌കറും പറഞ്ഞു.

Tags:    

Similar News