മാനസിക വിഷമതകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുതിര്‍ന്ന ഡോക്ടര്‍മാര്‍ സംരക്ഷണം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍
മാനസിക വിഷമതകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുതിര്‍ന്ന ഡോക്ടര്‍മാര്‍ സംരക്ഷണം നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അനസ്തീഷ്യ വിഭാഗം മേധാവിക്കെതിരേ മൂന്നാം വര്‍ഷ പി ജി വിദ്യാര്‍ഥിനി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കോഴിക്കോട്: ജോലി സംബന്ധമായ ആശങ്കകളും വെല്ലുവിളികളും താങ്ങാന്‍ കഴിയാത്ത പി ജി വിദ്യാര്‍ത്ഥിനിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരില്‍ നിന്ന് മാനസികമായ പിന്തുണ ലഭിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
മാനസിക വിഷമതകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുതിര്‍ന്ന ഡോക്ടര്‍മാര്‍ സംരക്ഷണം നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അനസ്തീഷ്യ വിഭാഗം മേധാവിക്കെതിരേ മൂന്നാം വര്‍ഷ പി ജി വിദ്യാര്‍ഥിനി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊവിഡ് കാരണമുണ്ടായ ഡ്യൂട്ടി ക്രമീകരണങ്ങളില്‍ അസ്വസ്ഥതയുള്ളതുകൊണ്ടാകാം പരാതിക്കാരി ഇത്തരമൊരു പരാതി നല്‍കിയതെന്ന് ആരോപണ വിധേയനായ ഡോക്ടര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. സര്‍വകലാശാല നേരിട്ട് നടത്തുന്ന പരീക്ഷകളില്‍ തനിക്ക് ഇടപെടാന്‍ കഴിയില്ല. പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നത് പുറത്തു നിന്നുള്ള അധ്യാപകരാണ്. താന്‍ വിദ്യാര്‍ത്ഥികളെ മനപൂര്‍വം തോല്‍പ്പിക്കുന്നു എന്ന ആരോപണം കളവാണ്. കൊവിഡ് വ്യാപന സമയത്ത് ആരെയെങ്കിലും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം വേണമായിരുന്നു. പരാതിക്കാരിയെ ജോലിയില്‍ നിന്നും ഒഴിവാക്കാന്‍ ബോര്‍ഡിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. പരാതിക്കാരിക്ക് ആസ്മയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആസ്മയില്ലെന്ന് കണ്ടെത്തിയിരുന്നു.
പരാതിക്കാരി പഠിക്കുന്നത് അനസ്തീഷ്യയ്ക്കാണെന്നും ഐസിയുവില്‍ നിന്നുള്ള പരിചയം അനിവാര്യമാണെന്നും എതിര്‍കക്ഷിയായ ഡോക്ടര്‍ അറിയിച്ചു. പരാതിക്കാരി ഗര്‍ഭിണിയാണെന്ന കാര്യം തനിക്കറിയില്ലെന്നും മേധാവി അറിയിച്ചു. കൊവിഡ് കാരണം മെഡിക്കല്‍ സമൂഹം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പരാതിക്കാരിയുടെ മനോവ്യഥ വര്‍ധിപ്പിച്ചിരിക്കാമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കേസില്‍ ബോധപൂര്‍വമായ മനുഷ്യാവകാശ ലംഘനം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ് തീര്‍പ്പാക്കി.