പത്തനംതിട്ട: പത്തനംതിട്ട - കോഴഞ്ചേരി റോഡില്‍ പിക് അപ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ലോറി ഡ്രൈവര്‍ നീലഗിരി സ്വദേശി അജിത്ത്, പിക്കപ്പ് വാന്‍ ഡ്രൈവര്‍ പുന്നപ്ര സ്വദേശി അഖില്‍ (ട്ടുട്ടു) എന്നിവരാണ് മരിച്ചത്. അഖിലിനൊപ്പമുണ്ടായിരുന്ന മുതുകുളം സ്വദേശി സുര്‍ജിത്തിന്റെ നില അതീവഗുരുതരമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ചുള്ളിക്കോട് ഭാഗത്ത് തിങ്കളാഴ്ച രാവിലെ 6.45-നായിരുന്നു അപകടം. ഗാനമേളയ്ക്കുശേഷം സൗണ്ട് സിസ്റ്റവുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോയ പിക്കപ്പ് വാനും തമിഴ്നാട്ടില്‍നിന്നും പച്ചക്കറി കയറ്റിവന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.റോഡിന്റെ വലതുവശത്തേക്ക് പിക്അപ് വാന്‍ അല്‍പം കയറിയപ്പോള്‍ എതിര്‍ദിശയില്‍നിന്നും വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇടിയുടെ ആഘാതത്തില്‍ ലോറി തലകീഴായി മറിഞ്ഞു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നു എന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.