സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വിലക്കണം: ഹൈക്കോടതി

Update: 2025-01-11 13:48 GMT

കൊച്ചി: സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. വഴിയോര കച്ചവട ശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് അര ലീറ്ററില്‍ താഴെയുള്ള കുപ്പി വെള്ളം നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് കര്‍ശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നത് വിലക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി.ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സംസ്ഥാനത്ത് അര ലീറ്ററില്‍ താഴെയുള്ള കുപ്പി വെള്ളം നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ ചെറിയ കുപ്പികള്‍ നിരോധിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെന്ന് കോടതി പറഞ്ഞു. കേരളത്തിലെ ഹില്‍ സ്റ്റേഷനുകളിലും സമാന നിയന്ത്രണം വേണമെന്നാണ് കോടതി നിര്‍ദേശിച്ചത്. സല്‍ക്കാരങ്ങളില്‍ ഓഡിറ്റോറിയങ്ങളുടെ ഭാഗത്തുനിന്നുള്ള മാലിന്യസംസ്‌കരണം ഉറപ്പാക്കുമെന്നും ഓണ്‍ലൈനിലൂടെ ഹാജരായ തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി അറിയിച്ചു. വഴിയോര ഭക്ഷണ ശാലകള്‍ കാനയിലേക്ക് മാലിന്യം തള്ളുന്നത് തുടരുകയാണെന്ന് കോടതി പറഞ്ഞു. ഇവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിഷയം ഈ മാസം 14ന് കോടതി വീണ്ടും പരിഗണിക്കും.




Tags:    

Similar News