മഞ്ജു വാര്യരുടെ പരാതി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍
ശ്രീകുമാര്‍ മേനോനില്‍നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നുവെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി.
തൃശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പോലിസ് ക്ലബ്ബില്‍ മൂന്നുമണിക്കൂര്‍ ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോനില്‍നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നുവെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. മഞ്ജുവിന്റെ പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്ന് പോലിസ് വ്യക്തമാക്കി. ഇതിനു പിന്നാലെ ശ്രീകുമാറിന്റെ വീട്ടിലും ഓഫിസിലും പോലിസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും അടുത്തയാഴ്ച ശ്രീകുമാര്‍ മേനോന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കും. കേസില്‍ മഞ്ജു വാര്യരുടെ രഹസ്യമൊഴി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.