തൃശൂര്‍: കൊടുങ്ങല്ലൂര്‍ ആസ്ഥാനമായ ഫിന്‍സിയര്‍ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ പ്രതിക്കായി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ സ്വദേശി കളപ്പുരയ്ക്കല്‍ സദാനന്ദന്‍ മകന്‍ സതീഷ് ബാബു(53)വിനെതിരെയാണ് നോട്ടിസ് പുറത്തിറക്കിയത്.
കൊടുങ്ങല്ലൂര്‍ ശൃംഗപുരത്ത് ഫിന്‍സിയര്‍ സെയില്‍സ് ആന്റ് സര്‍വ്വീസസ്, ഫിന്‍സിയര്‍ ഇന്‍ഷ്വറന്‍സ് കണ്‍സള്‍ട്ടന്‍സ്, ഫിന്‍സിയര്‍ കുറീസ് എന്നീ പേരുകളില്‍ സ്ഥാപനം നടത്തി പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചും കുറി ചേര്‍ത്തിച്ചും കാലാവധി കഴിഞ്ഞിട്ടും പണം നല്‍കാതെ സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫിന്‍സിയര്‍ ചിട്ടി കമ്പനി അഞ്ച് വര്‍ഷം സ്ഥിര നിക്ഷേപം നടത്തി കാലാവധി പൂര്‍ത്തിയായാല്‍ ഇരട്ടി തുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. കൂടാതെ 1000 മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള ചിട്ടികളും ഫിന്‍സിയര്‍ നടത്തിയിരുന്നു. ആദ്യകാലങ്ങളില്‍ കൃത്യമായി പണമിടപാടുകള്‍ നടന്നിരുന്നെങ്കിലും പിന്നീട് കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപകര്‍ക്ക് പണം ലഭിക്കാതായി. 2020 നവംബര്‍ 30ന് സ്ഥാപനം അടച്ചു പൂട്ടിയതോടെയാണ് ഇടപാടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.
40 കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുകയാണെങ്കില്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ അല്ലെങ്കില്‍ 9497990088( ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, ഇരിങ്ങാലക്കുട), 9497987143 (ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്, കൊടുങ്ങല്ലൂര്‍), 9497980539(സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്, കൊടുങ്ങല്ലൂര്‍), 0480 2800621(കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.