പോലിസ് പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി ജൂണ് 30ന് തീരും; കാലാവധി നീട്ടണമെന്ന് രമ്യ ഹരിദാസ് എംപി

കെഎപി രണ്ട് ബറ്റാലിയനിലേക്ക് പ്രസിദ്ധീകരിച്ച 1,700 പേരടങ്ങുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് ഇതുവരെ 700 ഓളം പേര്‍ക്ക് മാത്രമേ നിയമനം നല്‍കിയിട്ടുള്ളൂ.

Update: 2020-04-30 12:50 GMT

തൃശൂര്‍: കൊവിഡ് കാലം പോലിസില്‍ ആള്‍ക്ഷാമം രൂക്ഷമാണെങ്കിലും സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിന് അനക്കമില്ല. ജൂണ് 30ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുകയാണ്. പിഎസ്‌സിയുടെ എഴുത്തുപരീക്ഷയും ശാരീരികക്ഷമതാ പരിശോധനയും വിജയിച്ച് റാങ്ക് ലിസ്റ്റില്‍ വന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ജോലികിട്ടാതെപോവുമോയെന്ന ആശങ്കയിലാണ്. കെഎപി രണ്ട് ബറ്റാലിയനിലേക്ക് പ്രസിദ്ധീകരിച്ച 1,700 പേരടങ്ങുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് ഇതുവരെ 700 ഓളം പേര്‍ക്ക് മാത്രമേ നിയമനം നല്‍കിയിട്ടുള്ളൂ.

നിലവില്‍ 600 ലേറെ ഒഴിവുള്ളതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കോപ്പിയടിപ്രശ്‌നത്തിന് പുറമേ നിപ രോഗബാധയും രണ്ടുപ്രളയങ്ങളും നിയമനത്തെ സാരമായി ബാധിച്ച ഇവര്‍ക്ക് ഇടിത്തീയായി കൊവിഡും വന്നതിനാല്‍ അര്‍ഹമായ അവസരമാണ് നഷ്ടമാവുന്നത്. ലിസ്റ്റിലുള്ള ഭൂരിഭാഗം പേരും പ്രായപരിധി കഴിയാറായവരാണ്. നഷ്ടപ്പെട്ട മാസങ്ങള്‍ പരിഗണിച്ച് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് രമ്യ ഹരിദാസ് എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

Tags:    

Similar News