'പൂതന' പരാമര്‍ശം: ജി സുധാകരന് ക്ലീന്‍ചിറ്റ്; പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍
സുധാകരന്റെ പരാമര്‍ശം ദുരുദ്ദേശത്തോടെയല്ല. റിപോര്‍ട്ടുകളും വീഡിയോയും പരിശോധിച്ചതില്‍നിന്ന് മന്ത്രി ആരെയും പേരെടുത്ത് പറഞ്ഞല്ല പരാമര്‍ശം നടത്തിയതെന്ന് മനസ്സിലായതായും തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: അരൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ 'പൂതന' പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മന്ത്രി ജി സുധാകരനു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ക്ലീന്‍ചിറ്റ്. മന്ത്രി സുധാകരന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. സുധാകരന്റെ പരാമര്‍ശം ദുരുദ്ദേശത്തോടെയല്ല. റിപോര്‍ട്ടുകളും വീഡിയോയും പരിശോധിച്ചതില്‍നിന്ന് മന്ത്രി ആരെയും പേരെടുത്ത് പറഞ്ഞല്ല പരാമര്‍ശം നടത്തിയതെന്ന് മനസ്സിലായതായും തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഡോ. അദീല അബ്ദുല്ല സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.
അരൂര്‍ വരണാധികാരിയായ സഹകരണ ജോയിന്റ് രജിസ്ട്രാര്‍, പോലിസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നിവര്‍ നല്‍കിയ വിശദീകരണവും വീഡിയോ ക്ലിപ്പിങ്ങും പരിശോധിച്ച കലക്ടര്‍ അധ്യക്ഷയായ മാതൃകാ പെരുമാറ്റച്ചട്ട പരിപാലന സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ വിശദീകരണം നല്‍കിയത്. ഇവ പരിശോധിച്ചശേഷമാണ് മീണയുടെ വിശദീകരണം. സുധാകരന്‍ 'പൂതന'യെന്ന് വിളിച്ച് ആക്ഷോപിച്ചെന്നാരോപിച്ച് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ ചീഫ് ഇലക്ഷന്‍ ഏജന്റാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
തുടര്‍ന്ന് ഡിജിപിയില്‍നിന്നും ജില്ലാ കലക്ടറില്‍നിന്നും കമ്മീഷന്‍ റിപോര്‍ട്ട് തേടിയിരുന്നു. ഇതിനു പിന്നാലെ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നിവേദനവും നല്‍കി. ഇവ പരിശോധിച്ചശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ചത്. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്‍ പോലിസിലും പരാതി നല്‍കിയിട്ടുണ്ട്.