പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
നിക്ഷേപ ഇടപാടില്‍ കോടികള്‍ തട്ടിച്ച കേസിലെ പ്രതികളായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയല്‍, മകളും കമ്പനി സിഇഒയുമായ റിനു മറിയം എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിക്ഷേപ ഇടപാടില്‍ കോടികള്‍ തട്ടിച്ച കേസിലെ പ്രതികളായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയല്‍, മകളും കമ്പനി സിഇഒയുമായ റിനു മറിയം എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു.
കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസാണിതെന്നും വിദേശ രാജ്യങ്ങളിലും പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.കേസില്‍ ആഗസ്ത് ഒമ്പതിനാണ് തോമസിനെയും റിനുവിനെയും ഇഡി അറസ്റ്റ് ചെയ്തത്.
തട്ടിപ്പിലൂടെ ശേഖരിച്ച പണത്തില്‍ ഏതാനും ഭാഗം ആസ്‌ട്രേലിയ, ദുബായ് എന്നിവിടങ്ങളില്‍ നിക്ഷേപിച്ചതായും ഇഡി കണ്ടെത്തി. ഇവിടെ തോമസിന്റെ ബന്ധുക്കളും സുഹൃത്തുക്കുളും വഴിയായിരുന്നു പണം നിക്ഷേപിച്ചത്. ആസ്‌ട്രേലിയ, ദുബായ് എന്നിവിടങ്ങളിലേക്ക് കടക്കാനായിരുന്നു തോമസിന്റെയും കുടുംബത്തിന്റെയും നീക്കം. ആരുടെ പേരിലാണ് പണം വിദേശത്തേക്ക് കടത്തിയതെന്ന് ഇഡി അന്വേഷിക്കും. വിദേശത്തുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യും.