പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് ഇടുക്കി തൂക്കുപാലത്ത് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും

17 ന് വൈകീട്ട് 4.30ന് തൂക്കുപാലം വിജയ മാതാ സ്‌കൂളിനു മുന്‍വശത്തുനിന്നും ആരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ (ലൈബ്രറി മൈതാനം) സമാപിക്കുന്നു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍ ഉദ്ഘാടനം ചെയ്യും.

Update: 2021-02-15 15:44 GMT

ഇടുക്കി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കിലെ തൂക്കുപാലത്ത് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 ന് വൈകീട്ട് 4.30ന് തൂക്കുപാലം വിജയ മാതാ സ്‌കൂളിനു മുന്‍വശത്തുനിന്നും ആരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ (ലൈബ്രറി മൈതാനം) സമാപിക്കുന്നു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ പണ്ഡിതനും ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന സെക്രട്ടറിയുമായ വി എച്ച് അലിയാര്‍ ഖാസിമി മുഖ്യാതിഥി ആയിരിക്കും. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ് അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ട നോര്‍ത്ത് ഡിവിഷന്‍ സെക്രട്ടറി കെ പി ഫൈസല്‍ സന്ദേശം നല്‍കും. റോയ് അറക്കല്‍ (എസ്ഡിപിഐ സംസ്ഥാന ജന: സെക്രട്ടറി), അബ്ദുല്‍ റസ്സാക്ക് മൗലവി കാഞ്ഞാര്‍ (ജില്ലാ പ്രസിഡന്റ്, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ഇടുക്കി), എ നസീമ ബീവി (എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ്), അല്‍ഹാഫിസ് യൂസുഫ് ഖാസിമി (ജംഇയ്യത്തുല്‍ ഉലമ താലൂക്ക് സെക്രട്ടറി), ഫൗസിയ നവാസ് (കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍, പ്രോഗ്രാം കണ്‍വീനര്‍ എം കെ ബഷീര്‍ സംസാരിക്കും. വിവിധ മത, സാമൂഹിക നേതാക്കള്‍ സംബന്ധിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് നടത്തുന്ന പരിപാടി യൂടൂബ് ചാനലിലും ഫെയ്‌സ്ബുക്ക് പേജിലും തല്‍സമയം സംപ്രേക്ഷണം ചെയ്യും. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി ഫെബ്രുവരി 17ന് കേരളത്തിലെ 18 കേന്ദ്രങ്ങളിലാണ് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട് നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരുഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ വര്‍ഗീയശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ച് കഴിഞ്ഞു.

പൗരന്‍മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കിക്കൊണ്ടിരിക്കുന്നു. എന്‍ഐഎ, ഇഡി, സിബിഐ പോലുള്ള ദേശീയ ഏജന്‍സികളെ പോലും ആര്‍എസ്എസ്സിന്റെ ചട്ടുകങ്ങളാക്കി മാറ്റി ഭരണകൂട വേട്ട തുടരുകയാണ്. പശുവിന്റെയും, പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും, ആള്‍ക്കൂട്ടക്കൊലകളും ഒരു വശത്ത് തുടരുന്നതിനൊപ്പം ലൗ ജിഹാദ്, ഹലാല്‍ തുടങ്ങിയ പ്രചാരണങ്ങളിലൂടെ മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാനും സംഘപരിവാരം പണിയെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഭരണ- പ്രതിപക്ഷ സംവിധാനങ്ങളും സംഘപരിവാരത്തോട് മൃദുസമീപനം തുടരുകയാണ്.

മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബിജെപി ഭരണത്തില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. അതിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. ഈ സന്ദേശമുയര്‍ത്തിയാണ് ഈവര്‍ഷം പോപുലര്‍ ഫ്രണ്ട് ഡേ രാജ്യവ്യാപകമായി ആചരിക്കുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ്, ജില്ലാ സെക്രട്ടറി അന്‍വന്‍ ഹുസൈന്‍, സ്വാഗത സംഘം കണ്‍വീനര്‍ എം കെ ബഷീര്‍, ജില്ലാ കമ്മിറ്റി അംഗം റഷീദ് ഖാസിമി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News