ഇ ഡി ആര്‍എസ്എസിന്റെ ചട്ടുകമാകരുത്; പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൊച്ചി ഇ ഡി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഇ ഡി ഓഫിസിന് അകലെ എംജി റോഡില്‍ പോലിസ് തടഞ്ഞു.പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം കെ അഷറഫ്് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.അഡ്വ.റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി

Update: 2020-12-11 08:34 GMT

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആര്‍എസ്എസിന്റെ ചട്ടുകമാകരുതെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന് എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഇ ഡി ഓഫിസിന് അകലെ എംജി റോഡില്‍ പോലിസ് തടഞ്ഞു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം കെ അഷറഫ്  മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.


രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്,എന്‍ ഐ എ എ,ഐ ബി അടക്കമുള്ള രാജ്യത്തെ അന്വേഷണ ഏജന്‍സികളെ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുന്നതിനും രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിനുമാണ് ഉപയോഗിക്കുന്നതെന്ന് എം കെ അഷറഫ് പറഞ്ഞു.ആര്‍എസ്എസിന്റെ മുസ്‌ലിം വിരോധം പ്രത്യയശാസ്ത്ര പരമാണ്.പക്ഷേ ഇ ഡിയും എന്‍ ഐ എയും ഐബിയുമൊക്കെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഏജന്‍സികളാണെന്നും എം കെ അഷറഫ് പറഞ്ഞു.എന്നാല്‍ ഇതിനു വിരുദ്ധമായി അവര്‍ ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതിനെയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എതിര്‍ക്കുന്നതെന്നും എം കെ അഷറഫ് പറഞ്ഞു.കരിനിയമങ്ങള്‍ ഉപയോഗിച്ച് നിരപരാധികളായ ആളുകളെ പീഡിപ്പിക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചു വരികയാണ്.ആര്‍ എസ് എസ്-ബിജെപി നേതാക്കുളുടെ വീടുകളും റെയിഡ് ചെയ്യാന്‍ ഇ ഡിക്ക്‌ധൈര്യമുണ്ടോയെന്നും എം കെ അഷറഫ് ചോദിച്ചു.

വിദേശ സഹായം സ്വീകരിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തീര്‍ച്ചപ്പെടുത്തിയ സംഘടനയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ഈ രാജ്യത്തെ ജനങ്ങളാണ് നല്‍കുന്നതെന്നും എം കെ അഷറഫ് പറഞ്ഞു.ഇന്ത്യയില്‍ നിന്നുള്ള സഹായം മാത്രമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.ഇനിയും അതു പോലെ മാത്രമായിരിക്കും ചെയ്യുക.എല്ലാ നിയമവ്യവസ്ഥയ്ക്കും കീഴ്‌പ്പെട്ടാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നും എം കെ അഷറഫ് പറഞ്ഞു.ആര്‍എസ്എസ് വര്‍ഗീയ അജണ്ടയുമായി മുന്നോട്ടു പോകുന്നിടത്തോളം കാലം അതിനെ നേരിടാന്‍ പോപുലര്‍ ഫ്രണ്ടുണ്ടാകുമെന്നും എം കെ അഷറഫ് പറഞ്ഞു.ആര്‍എസ്എസിന്റെ ചട്ടുകമായി ഇ ഡി പോലുള്ള അന്വേഷണ ഏജന്‍സികള്‍ മാറരുതെന്നും എം കെ അഷറഫ് പറഞ്ഞു.


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മടിയില്‍ കനമില്ലാത്തതിനാലാണ് തങ്ങള്‍ ഇഡിയുടെ അന്യായമായ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ.റഫീഖ് കുറ്റിക്കാട്ടൂര്‍ പറഞ്ഞു.ഈ കൊവിഡ് കാലത്ത് ഇതുപോലൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത് ശരിയല്ലെന്ന് അറിയാമെങ്കിലും രാജ്യത്ത് കാട്ടിക്കൊണ്ടിരിക്കുന്ന അന്യായമായ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധിക്കാതിരിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തിലൊരു മാര്‍ച് സംഘടിപ്പിച്ചിരിക്കുന്നത്.രാജ്യത്ത് ജനാധിപത്യം വലുതാണെന്ന് മനസിലാക്കണം.കേരള പോലിസിനെപ്പോലും അറിയിക്കാതെ സിആര്‍പിഎഫിന്റെ സഹായത്തോടെ പോപുലര്‍ ഫ്രണ്ടിന്റെ നേതാക്കന്മാരുടെ വീടുകളിലും ഓഫിസിലും റെയിഡ് നടത്തിയത് ആരുടെ താല്‍പര്യപ്രകാരമാണെന്നും അഡ്വ.റഫീഖ് കുറ്റിക്കാട്ടൂര്‍ ചോദിച്ചു.


ഇന്ത്യയിലെ ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഒരു വശത്തും മറുവശത്ത് ആര്‍എസ്എസും തമ്മിലുള്ള പോരാട്ടാണ് രാജ്യത്ത് നടക്കുന്നതെന്നും അഡ്വ.റഫീഖ് പറഞ്ഞു.ഇ ഡി ആരെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ബിജെപി നേതാക്കളുടെ പേരില്‍ കോടികളുടെ അഴിമതിയുടെ പേരില്‍ ഇ ഡി എടുത്ത കേസുകള്‍ക്ക് എന്താണ് സംഭവിച്ചതെന്നും അഡ്വ.റഫീഖ് കുറ്റിക്കാട്ടൂര്‍ ചോദിച്ചു.ഇ ഡിക്ക് പ്രീതിപ്പെടുത്തേണ്ടത് ഈ രാജ്യത്തെ ഭരണഘടനയെ അല്ല മറിച്ച് മറ്റു ചിലരെയാണ്.ആര്‍എസ്എസിന്റെ ലക്ഷ്യമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം പക്ഷേ സര്‍ക്കാര്‍ ഏജന്‍സിയായ ഇ ഡി അതിന് വഴങ്ങരുതെന്നും അഡ്വ.റഫീഖ് കുറ്റിക്കാട്ടൂര്‍ പറഞ്ഞു.എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലിം അധ്യക്ഷത വഹിച്ചു.അറഫ് മുത്തലിബ്,കെ എസ് നൗഷാദ്, വി കെ ഷൗക്കത്ത് അലി മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News