പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് വയനാട് ടീം നിലവില്‍ വന്നു
ജില്ലയില്‍ 2018 മുതല്‍ ആവര്‍ത്തിച്ചെത്തുന്ന പ്രളയത്തിലും കൊവിഡ് പോലുള്ള മഹാമാരികളിലും പോപുലര്‍ ഫ്രണ്ടിന്റെ വളണ്ടിയേഴ്‌സ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കല്‍പറ്റ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്റ് റിലീഫ് വയനാട് ടീം നിലവില്‍ വന്നു. ടീമിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എം ടി സജീറിന്റെ അധ്യക്ഷതയില്‍ എരുമത്തെരുവ് ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് എസ് മുനീര്‍ നിര്‍വഹിച്ചു. ജില്ലയില്‍ 2018 മുതല്‍ ആവര്‍ത്തിച്ചെത്തുന്ന പ്രളയത്തിലും കൊവിഡ് പോലുള്ള മഹാമാരികളിലും പോപുലര്‍ ഫ്രണ്ടിന്റെ വളണ്ടിയേഴ്‌സ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും ആളുകള്‍ ഭയപ്പെട്ടപ്പോള്‍ യാതൊരു ആശങ്കയുമില്ലാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൃതദേഹങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കാന്‍ പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ തയ്യാറായി. പ്രകൃതി ദുരന്തങ്ങളില്‍ നിന്നെന്ന പോലെ രാജ്യം നേരിടുന്ന മറ്റു വെല്ലുവിളികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ റെസ്‌ക്യൂ ആന്റ് റിലീഫ് വളണ്ടിയര്‍മാര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി ജീവന്‍ രക്ഷാ സമിതി പ്രസിഡന്റ് നിഷാദ്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് സി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
ജില്ലയിലെ തിരെഞ്ഞെടുത്ത റെസ്‌ക്യൂ ആന്റ് റിലീഫ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിന് നവാസ് കാട്ടാമ്പള്ളി, മമ്മൂട്ടി പള്ളിയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ജില്ലയിലെ പ്രമുഖ രക്ഷാ പ്രവര്‍ത്തന ടീമായ തുര്‍ക്കി ടീമിനും,താലിപ്പാറ പുഴയില്‍ മുങ്ങിതാഴ്ന്ന 4 കുട്ടികളെ രക്ഷിച്ച മൊയ്തു ഹാജിയേയും ഉപഹാരം നല്‍കി ആദരിച്ചു.ജില്ലാ സെക്രട്ടറി കെ.എസ് സകരിയ്യ, മാനന്തവാടി ഡിവിഷന്‍ പ്രസിഡന്റ് നൗഫല്‍ സംസാരിച്ചു.