പൊതുമേഖലാ ബാങ്കുകള്‍ പ്രവാസികള്‍ക്ക് മതിയായ സഹകരണം നല്‍കുന്നില്ല: പ്രവാസി കമ്മീഷന്‍

കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാര്യമായ സഹായം ലഭിക്കുന്നില്ല. സ്വയംതൊഴില്‍ സംരംഭം തുടങ്ങിയിട്ടുള്ള പല പ്രവാസികള്‍ക്കും ആവശ്യമായ അനുമതികള്‍ വിവിധ വകുപ്പുകള്‍ നല്‍കുന്നില്ല.

Update: 2019-07-04 13:55 GMT

പത്തനംതിട്ട: പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് പല പദ്ധതികളും തയാറാക്കിയിട്ടുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകള്‍ മതിയായ സഹകരണം നല്‍കുന്നില്ലെന്ന് പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി ഡി രാജന്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ നിസഹകരണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട കല:ക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി കമ്മീഷന്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍.

കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാര്യമായ സഹായം ലഭിക്കുന്നില്ല. സ്വയംതൊഴില്‍ സംരംഭം തുടങ്ങിയിട്ടുള്ള പല പ്രവാസികള്‍ക്കും ആവശ്യമായ അനുമതികള്‍ വിവിധ വകുപ്പുകള്‍ നല്‍കുന്നില്ല. ഇത് കമ്മീഷനെ ഏറ്റവും അധികം വേദനിപ്പിച്ചു. ഇക്കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചട്ടങ്ങള്‍ പാലിക്കാതെ അകാരണമായ ഇടപെടല്‍ നടത്തുന്നുണ്ട്. റവന്യുവിലെ ചില ഉദ്യോഗസ്ഥര്‍ ആവശ്യമായ അനുമതികള്‍ നല്‍കുന്നില്ല. പഞ്ചായത്തുകള്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നുണ്ട്. വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട് നഷ്ടപരിഹാരം ലഭിക്കാതെ തിരികെ വരുന്നവരുടെ അപേക്ഷകളില്‍ നോര്‍ക്ക സെക്രട്ടറിയെ നിയോഗിച്ച് വിദേശകാര്യ വകുപ്പ് മുഖേന റിപ്പോര്‍ട്ട് വാങ്ങുന്നതിന് നടപടി സ്വീകരിക്കും. പ്രവാസികള്‍ക്ക് മികച്ച തൊഴില്‍ സൗകര്യം ഒരുക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രവാസി കമ്മീഷന്‍ പ്രവര്‍ത്തിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

ജില്ലയിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘടനാ ഭാരവാഹികള്‍ ഉന്നയിച്ചു. നിലവില്‍ 60 വയസ് കഴിഞ്ഞവര്‍ക്കുകൂടി പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനും പെന്‍ഷന്‍ ലഭ്യമാക്കാനും നടപടി വേണമെന്ന് സംഘടനകള്‍ അഭ്യര്‍ഥിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ പറഞ്ഞു.

അദാലത്തില്‍ 38 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 20 പരാതിയില്‍ തീരുമാനമായി. മറ്റു പരാതികളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളും, നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെട്ട നാലു പരാതികളും തത്സമയം പരിഹരിച്ചു. പെന്‍ഷന്‍, ചികിത്സാ സഹായം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഹരിച്ചത്.

പ്രവാസികളുടെയും ബന്ധുക്കളുടേതുമായി ലഭിച്ച ഭൂരിഭാഗം പരാതികളും സ്വയം സംരംഭകര്‍ക്ക് അനുമതി നിഷേധിക്കല്‍, വായ്പ നിഷേധിക്കല്‍, ഭൂമി, കെട്ടിടം, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ചികിത്സ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളില്‍ റിപ്പോര്‍ട്ട് തേടുകയും പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു വരുകയുമാണ്. പ്രവാസികളുടെയും അവരുടെ ബന്ധുക്കളുടെയും പരാതികള്‍ സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ്, പ്രവാസി ക്ഷേമ ബോര്‍ഡ് എന്നിവയെ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിറ്റിംഗ് നടത്തി പരിഹാരം കണ്ടുവരികയാണെന്നും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കമ്മീഷന്‍ പ്രവര്‍ത്തിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Tags:    

Similar News