കൊവിഡ്-19: കരുതല്‍ നടപടികളുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്
നടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും ഉപദേശകസമിതികള്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
തിരുവനന്തപുരം: കൊവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി കരുതല്‍ നടപടികള്‍ ഉടനടി നടപ്പിലാക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. നിര്‍ദ്ദേശങ്ങള്‍ക്ക് തല്‍ക്കാലം 2020 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കും. നിർദേശങ്ങൾ ചുവടെ:
1) 20.03.2020 ലെ നം.1247/2020/പൊ.ഭ.വ നമ്പരായി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുന്നതാണ്.
2) മാര്‍ച്ച് 31 വരെയുള്ള ശനിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കും.
3) ഗ്രൂപ്പ് അസിസ്റ്റന്‍റ് ദേവസ്വം കമ്മീഷണര്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നിവര്‍ ഒഴികെ അസിസ്റ്റന്‍റ് കമ്മീഷണര്‍/അസിസ്റ്റന്‍റ് എഞ്ചീനീയര്‍ മുതല്‍ താഴേക്കുള്ള ഉദ്ദ്യോഗസ്ഥര്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫീസുകളില്‍ ഹാജരായാല്‍ മതിയാകും. ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ഇപ്രകാരം ക്രമീകരണം നടത്തണം.
4) 29.03.2020 ന് ആരംഭിക്കുന്ന ശബരിമല ഉല്‍സവത്തിന് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാല്‍ പൂജകള്‍ നടക്കും.
5) അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും സ്പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പൂജകള്‍ നടക്കും.
6) ക്ഷേത്രോല്‍സവങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള ചടങ്ങുകളായി ചുരുക്കണം.
7) ഉല്‍സവങ്ങള്‍ സംബന്ധിച്ച് ആനകളെ എഴുന്നള്ളിക്കുവാന്‍ പാടില്ല.
8) മുന്‍കൂട്ടി ബുക്ക് ചെയ്ത വഴിപാടുകള്‍ സൗകര്യപ്രദമായ മറ്റ് തീയതികളിലേക്ക് ക്രമീകരിക്കണം.
9) ക്ഷേത്രങ്ങള്‍ രാവിലെ 6 മണിമുതല്‍ 10 മണിവരെയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെയും മാത്രമെ തുറക്കുകയുള്ളൂ. എല്ലാ പൂജകളും അപ്രകാരം ക്രമീകരിക്കണം.
10) മുഴുവന്‍ ക്ഷേത്രജീവനക്കാര്‍ക്കും കൈയ്യുറകളും മാസ്കും നല്‍കും.
11) ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമാക്കും.
12) തിരുവല്ലം, തിരുമുല്ലവാരം, വര്‍ക്കല പോലെയുള്ള ക്ഷേത്രങ്ങളില്‍ ബലി ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ല.
13) ഒരു ക്ഷേത്രത്തിലും അന്നദാനം ഉണ്ടായിരിക്കുന്നതല്ല.
14) വെള്ളായണി ക്ഷേത്രത്തില്‍ ഉല്‍സവത്തിന്‍റെ ഭാഗമായുള്ള ദിക്കുബലി തല്‍ക്കാലത്തേക്ക് നിര്‍ത്തലാക്കുന്നു.
15) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഓഡിറ്റോറിയങ്ങളും കല്ല്യാണ മണ്ഡപങ്ങളും വിവാഹാവശ്യത്തിന് ബുക്ക് ചെയ്തശേഷം കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റി വയ്ക്കേണ്ടിവന്നവര്‍ക്ക് ബുക്കിംഗ് തുക തിരികെ നല്‍കുന്നതിന് തീരുമാനിക്കുന്നു.
ഈ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും ഉപദേശകസമിതികള്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.