കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഐ.എ.എസ്. ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് പരീക്ഷകള്‍ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിര്‍വഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ പരീക്ഷ എഴുതണമെന്നതിന്റെ യുക്തി എന്താണെന്നു മനസ്സിലാവുന്നില്ല.

Update: 2019-08-26 18:16 GMT

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് പിഎസ്‌സി തയ്യാറെടുക്കുന്നതെന്നു മനസ്സിലാക്കുന്നു. സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായുള്ള എഴുത്തു പരീക്ഷകളില്‍ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഈ സമീപനം തിരുത്തുന്നതിനുള്ള നടപടികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

                                        തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐ.എ.എസ്. ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് പരീക്ഷകള്‍ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിര്‍വഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ പരീക്ഷ എഴുതണമെന്നതിന്റെ യുക്തി എന്താണെന്നു മനസ്സിലാവുന്നില്ല. ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട തസ്തികകളില്‍ ഇംഗ്ലീഷ് പരിജ്ഞാനം അളക്കേണ്ടതുണ്ടെങ്കില്‍ അതിന് അത്തരം ചോദ്യങ്ങളുള്‍പ്പെട്ട ഒരു ഭാഗം പരീക്ഷയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകുമെന്നും പരിഷത്ത് പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിക്കുമ്പോഴും കേരള പി.എസ്.സിക്ക് അതു സ്വീകാര്യമല്ലായെന്നത് ഖേദകരമാണ്. വിദ്യാഭ്യാസത്തിലും ഭരണനിര്‍വഹണത്തിലും മാതൃഭാഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന സമൂഹങ്ങളാണ് വിദ്യാഭ്യാസ സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍നിരയില്‍ എന്നത് ശ്രദ്ധേയമാണ്.ഭരണം സുതാര്യവും ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്രദവുമാകുന്നതിന് ഭരണ നിര്‍വഹണം ജനങ്ങളുടെ ഭാഷയിലാവണമെന്നത് കേരള സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള എല്ലാ ഭരണപരിഷ്‌കാരക്കമ്മീഷനുകളും ഒരേ സ്വരത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശമാണ്.

പിഎസ്‌സി നടത്തുന്ന എല്ലാ പരീകളും മലയാളത്തിലും കേരളത്തിലെ കന്നഡ, തമിഴ് എന്നീ ചെറു വിഭാഗങ്ങളുടെ ഭാഷകളിലും എഴുതാനുള്ള സൗകര്യമൊരുക്കാന്‍ തയ്യാറാകണമെന്ന് കേരള പി.എസ്.സി.യോടും ഇതിനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് കേരള സര്‍ക്കാരിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.




Tags:    

Similar News