പി എസ് സി നിയമനത്തില്‍ അധികമാര്‍ക്ക്; യോഗ ഉള്‍പ്പെടെ 12 കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന ക്ലാസ് മൂന്ന്, ക്ലാസ് നാല് തസ്തികകളിലേയ്ക്ക് നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ മികച്ച കായിക താരങ്ങള്‍ക്ക് അധികമാര്‍ക്ക് നല്‍കുന്നതിന് 12 കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളര്‍ സ്‌കേറ്റിങ്, ടഗ് ഓഫ് വാര്‍, റേസ് ബോട്ട് ആന്റ് അമേച്വര്‍ റോവിങ്, ആട്യ പാട്യ, ത്രോബോള്‍, നെറ്റ്‌ബോള്‍, ആം റസ് ലിങ്, അമേച്വര്‍ ബോക്‌സിങ്, യോഗ, സെപക്താക്ര, റഗ്ലി, റോള്‍ബോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക.
ഇടുക്കി പീരുമേട് സ്‌പെഷ്യല്‍ ഭൂമി പതിവ് ഓഫിസിലെ, 19 താല്‍ക്കാലിക തസ്തികകള്‍ക്ക് 2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെ തുടര്‍ച്ചാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ 1, സീനിയര്‍ ക്ലര്‍ക്ക്/എസ്‌വിഒ-3, ജൂനിയര്‍ ക്ലാര്‍ക്ക്/വിഎ-2, ടൈപ്പിസ്റ്റ്-1, പ്യൂണ്‍-1 എന്നീ 8 താല്‍ക്കാലിക തസ്തികകളില്‍ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം എന്ന നിബന്ധനയിലാണിത്.