പിഎസ് സിയുടെ പേരില്‍ മണിചെയിന്‍ തട്ടിപ്പ്; രണ്ടാംപ്രതി രശ്മി റിമാന്റില്‍

Update: 2023-09-17 03:56 GMT

തിരുവനന്തപുരം: പിഎസ്‌സിയില്‍ ജോലി വാഗ്ദാനംചെയ്ത് മണിചെയിന്‍ മാതൃകയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടാംപ്രതി റിമാന്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയെയാണ് റിമാന്റ് ചെയ്തത്. ഒന്നാംപ്രതി രാജലക്ഷ്മിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എക്‌സൈസ്, വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജിഎസ്ടി ഉള്‍പ്പെടെയുള്ള തസ്തികകളില്‍ കൂട്ടത്തോടെ റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന പറഞ്ഞ് നിരവധി പേരില്‍നിന്നായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണു വിവരം. 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പണംനല്‍കി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ജോലികിട്ടാതായതോടെയാണ് പലരും പരാതിയുമായോത്തിയത്. ഇതിനിടെ, പിഎസ്‌സിയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തണമെന്നു കാണിച്ചുള്ള വ്യാജകത്ത് നിര്‍മിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. രണ്ടുലക്ഷം രൂപമുതല്‍ 4.5 ലക്ഷം രൂപവരെ ഉദ്യോഗാര്‍ഥികളില്‍നിന്ന് തട്ടിയെടുത്തതായാണ് പോലിസിനു ലഭിച്ച വിവരം. പിഎസ്‌സി പോലിസിന് നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

Tags:    

Similar News