അഖില്‍ ഗൊഗോയിക്ക് ഐക്യദാര്‍ഢ്യവുമായി പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട്
തിരുവനന്തപുരം: തടവറയിലെ ഇരുളിനെ ഭേദിച്ച് ജനാധിപത്യത്തിന്റെ വെണ്‍ വെട്ടമായി മാറിയ അസമിലെ അഖില്‍ ഗൊഗോയിക്ക് ഐക്യദാര്‍ഢ്യവുമായി പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട്. 2019 ഡിസംബറില്‍ യുഎപിഎ ചുമത്തി അസമില്‍ ഡിബ്രുഗര്‍ ജയിലിടച്ച അടിസ്ഥാന വിഭാഗത്തിന്റെ പടയാളി അഖില്‍ ഗൊഗോയി ജയില്‍ ആശുപത്രിയില്‍ കിടന്ന് കഴിഞ്ഞ അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ച് ജനാധിപത്യപോരാട്ടത്തില്‍ പുതുചരിത്രത്തിനുടമയായെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സിബ് സാഗര്‍ മണ്ഡലത്തില്‍ എതിരാളിയായ, തന്റെ ജയില്‍ വാസത്തിന് കാരണക്കാരായ ബിജെപിയുടെ തന്നെ സ്ഥാനാര്‍ത്ഥി സുകേഷ് രാജ് കോണ്‍വാരിയെ 11875 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ച് ജനങ്ങള്‍ അദ്ദേഹത്തെ നെഞ്ചേറ്റുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് അസമിലെ അധസ്ഥിത ജനങ്ങളുടെ ഉയര്‍ച്ചക്കായി രൂപീകൃതമായ റെയ്ഗര്‍ ദള്‍ എന്ന സംഘടനയുടെ പ്രസിഡന്റായി ജയില്‍വാസസമയത്ത് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കക്കപ്പെടുകയായിരുന്നു..
ഇന്ത്യയിലാകെയും അസമില്‍ പ്രത്യകിച്ചും സ്വന്തം രാജ്യത്തെ പൗരത്വം നിഷേധിക്കുകയും ജീവനും ജീവനോപാധിയും ഒരു ചോദ്യമായി മാറുകയും ചെയ്ത 19 ലക്ഷത്തിന്മേല്‍ വരുന്ന ജനതയ്ക്കു വേണ്ടി ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങളിലും തുടര്‍ന്ന് പൗരത്വഭേദഗതി നിയമത്തിനെതിരേ വളര്‍ന്നു പെരുകിയ സമരങ്ങളിലും മുന്‍നിരയിലായിരുന്നു അഖില്‍ ഗഗോയി പ്രസിഡന്റായ റെയ് ഗര്‍ ദള്‍ . നിയമവിരുദ്ധമായ കൂടിച്ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, ലഹളക്ക് നേതൃത്വം എന്നീ കുറ്റങ്ങള്‍ ചുമത്തി യുഎപിഎ സെക്ഷന്‍ 15 (1) (a)/16 പ്രകാരം ജയിലിലടക്കപ്പെട്ടു. തുടര്‍ന്ന് 2020 ജൂണില്‍ കേസ് എന്‍ഐഎ ഏറ്റെടുത്തു. എന്നാല്‍ ജൂലൈയില്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ വിമോചിതനായില്ല. താമസിയാതെ ഗുവാഹത്തി ഹൈക്കോടതി തന്നെ ജാമ്യം നല്‍കിയെങ്കിലും മറ്റൊരു കേസില്‍ വീണ്ടും അദ്ദേഹത്തെ ജയിലിലടച്ചു. രോഗബാധിതനായ ഗൊഗോയ്ക്ക് വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങി. ഒരു തിരഞ്ഞെടുപ്പ് വേദിയിലും ഗൊഗോയി എത്തിയില്ല. ആശുപത്രി കിടക്കയില്‍ നിന്ന് അദ്ദേഹം ജനങ്ങളോട് മനസ് കൊണ്ട് സംസാരിച്ചു. അങ്ങനെ ജനാധിപത്യത്തിന്റെ ശക്തിയും കരുത്തും ഏത് ജയിലറയെയും ഭേദിക്കുമെന്ന് ഇരുട്ടിന്റെ ശക്തികള്‍ക്ക്, ഫാഷിസത്തിന്റെ ഭ്രാന്തന്‍മാര്‍ക്ക് ബോധ്യമാവുകയാണ്. അസം വീണ്ടും അതേ ഫാഷിസ്റ്റ് ശക്തികളുടെ മുമ്പില്‍ കീഴടങ്ങിയെങ്കിലും അഖില്‍ ഗൊഗോയിയിമാര്‍, അവരുടെ പോരട്ടങ്ങള്‍ സിബ് സാഗറില്‍ നിന്ന് സംസ്ഥാനം മുഴുവനായും അവിടെ നിന്ന് ഡല്‍ഹിയിലേക്കും പരന്നൊഴുകുന്ന നാളെ ഒട്ടും വിദുരത്തല്ലെന്നും പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് രക്ഷാധികാരി പ്ര. ബി രാജീവനും കണ്‍വീനര്‍ എസ് ബാബുജിയും പ്രസ്താവനയില്‍ വ്യക്തമാക്കി.
Progressive Political Front in solidarity with Akhil Gogoi