കല്‍പ്പറ്റ: വയനാട്ടില്‍ നിരോധിത പുകയില ഉത്പന്നവേട്ട. കഴിഞ്ഞ ദിവസം കാട്ടിക്കുളത്ത് നടന്ന വാഹനപരിശോധനയ്ക്കിടെ പിടികൂടിയത് 30 ലക്ഷം രൂപയുടെ ഹാന്‍സ്. സംശയം തോന്നാതിരിക്കാന്‍ പച്ചക്കറി വണ്ടിയുടെ മറവിലാണ് ഹാന്‍സ് പായ്ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്.
തിരുനെല്ലി പൊലീസാണ് വാഹന പരിശോധനക്കിടെ പച്ചക്കറി വാനില്‍ നിന്നും ഹാന്‍സ് കണ്ടെടുത്തത്. കര്‍ണാടകയില്‍നിന്ന് പച്ചക്കറിയെന്ന വ്യാജേന എത്തിയ വാഹനത്തിലുണ്ടായിരുന്നത് കെട്ടുകണക്കിന് ഹാന്‍സ് പാക്കറ്റുകളാണ്. സംശയം തോന്നി ലോറി തുറന്ന് നോക്കിയ പൊലീസ് കാണുന്നത് 75 ചാക്കുകള്‍ ആണ്. ആകെ 56,250 ഹാന്‍സ് പാക്കറ്റുകളാണ് 75 ചാക്കുകളിലായി ഉണ്ടായിരുന്നത്.
സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ വാളാട് സ്വദേശി ഷൗഹാന്‍ സര്‍ബാസിനെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളിലെ സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്നവയാണ് ഹാന്‍സ് പായ്ക്കറ്റുകളെന്നാണ് പ്രാഥമിക നിഗമനം. ഓണക്കാലമായതിനാല്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റേയും എക്‌സൈസിന്റേയും തീരുമാനം.