നേതാക്കളുടെ അറസ്റ്റ്: പ്രതിഷേധങ്ങളില്‍ പങ്കാളികളാവുക- പോപുലര്‍ ഫ്രണ്ട്
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീതിയാണ് നിലവിലുണ്ട്. ഇതിനെതിരേ നാടെങ്ങും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ അതിശക്തമായ ബഹുജനപ്രതിഷേധം ഉയരണം.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തി രാജ്യത്ത് അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധമുയരണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ആഹ്വാനം ചെയ്തു. ന്യൂഡല്‍ഹി അടക്കം രാജ്യത്തെ വിവിധ നഗരങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
എന്നാല്‍, ജനകീയ പ്രതിഷേധങ്ങളെ ജനാധിപത്യവിരുദ്ധമായി അറസ്റ്റുചെയ്ത് നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇടത് ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജ, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, എസ്‌സിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം അഹ്മദ് റഹ്മാനി, പോപുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹഖ്, ജമാഅത്തെ ഇസ്‌ലാമി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഹാമിദ് മുഹമ്മദ് ഖാന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ദേശീയ സമിതിയംഗം പി വി ശുഹൈബ് തുടങ്ങി വിവിധ നേതാക്കളടക്കം ആയിരങ്ങളാണ് ഇന്ന് അറസ്റ്റിലായിട്ടുള്ളത്.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീതിയാണ് നിലവിലുണ്ട്. ഇതിനെതിരേ നാടെങ്ങും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ അതിശക്തമായ ബഹുജനപ്രതിഷേധം ഉയരണം. പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും നാസറുദ്ദീന്‍ എളമരം അറിയിച്ചു.