കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരേ യുവജനസംഘടനകളുടെ പ്രതിഷേധം; പോലിസ് ലാത്തി വീശി

Update: 2021-02-14 06:49 GMT

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ യുവജന വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. എംഎസ്എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി കാംപസിനുള്ളില്‍ പ്രവേശിച്ച ശേഷമായിരുന്നു പ്രതിഷേധം ആരംഭിച്ചത്. പ്രവര്‍ത്തകരെ പോലിസ് തടഞ്ഞതോടെ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് പോലിസ് ലാത്തി വീശി. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചതോടെ കോഴിക്കോട്- മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.

ഉപരോധത്തെ തുടര്‍ന്ന് ദേശീയപാത 66ല്‍ അരമണിക്കൂറിലധികമാണ് ഗതാഗതം തടസ്സപ്പെട്ടത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിന്റെ പ്രവേശന കവാടത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൂട്ടസ്ഥിരപ്പെടുത്തലിലും പിന്‍വാതില്‍ നിയമനത്തിനുമെതിരേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുവജനസംഘടനകള്‍ പ്രക്ഷോഭരംഗത്താണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തിലും അനിശ്ചിതകാല സമരം നടക്കുന്നുണ്ട്.

Tags:    

Similar News