ബന്ദിപ്പൂര്‍ യാത്രാനിരോധനം: ബത്തേരിയിലെ നിരാഹാരസമരം അവസാനിപ്പിച്ചു
ബന്ദിപ്പൂര്‍ യാത്രാ നിരോധനവിഷയത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വേദിയില്‍ പ്രഖ്യാപിച്ചു. സുപ്രിംകോടതിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്‍കുന്ന സത്യവാങ്മൂലം എതിരായാല്‍ കേരളസര്‍ക്കാര്‍ ഇടപെടുമെന്നും മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ സമരക്കാരെ അറിയിച്ചു.
കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗതനിയന്ത്രണത്തിനെതിരേ ബത്തേരിയില്‍ യുവജനകൂട്ടായ്മ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപ്പന്തലിലെത്തി സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ വാഗ്ദാനം നല്‍കിയതോടെയാണ് നിരാഹാരമടക്കമുള്ള സമരപരിപാടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരത്തിന്റെ 12ാം ദിവസമായ ഇന്നും ദേശീയപാത 766 ലെ നിയന്ത്രങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമായിരുന്നു. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പിന്തുണയുമായെത്തിയത്. തുടര്‍ന്ന് നടന്ന മഹാ ഐക്യദാര്‍ഢ്യസമ്മേളനത്തിലാണ് മന്ത്രിമാരടക്കം പ്രമുഖനേതാക്കള്‍ പങ്കെടുത്തത്.
ബന്ദിപ്പൂര്‍ യാത്രാ നിരോധനവിഷയത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വേദിയില്‍ പ്രഖ്യാപിച്ചു. സുപ്രിംകോടതിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്‍കുന്ന സത്യവാങ്മൂലം എതിരായാല്‍ കേരളസര്‍ക്കാര്‍ ഇടപെടുമെന്നും മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ സമരക്കാരെ അറിയിച്ചു. ശക്തമായ പിന്തുണ നല്‍കുമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി. കേരള നിയമസഭ ഒന്നടങ്കം വയനാടിനൊപ്പം നില്‍ക്കുമെന്ന് ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന നിയമസഭാ സമ്മേളനത്തിലടക്കം വിഷയം ഉന്നയിക്കുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി.
തുടര്‍ന്ന് യുവനേതാക്കളോട് സമരം അവസാനിപ്പിക്കാന്‍ മന്ത്രിമാര്‍ അഭ്യര്‍ഥിച്ചു. പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമരസമിതി. നിരാഹാരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും എന്നാല്‍ പകല്‍കൂടി ഗതാഗത നിയന്ത്രണം നീട്ടാനുള്ള നീക്കം കോടതി ആവര്‍ത്തിച്ചാല്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. ഈമാസം 18നാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് ഇനി സുപ്രിംകോടതി പരിഗണിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി വയനാട് എംപി രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കഴിഞ്ഞ ദിവസം സമരപ്പന്തലിലെത്തിയിരുന്നു.