പുനലൂരില്‍ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു

Update: 2022-03-13 13:06 GMT

കൊല്ലം: പുനലൂരില്‍ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. പുനലൂര്‍ നഗരസഭാംഗം വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശരീരത്ത് സൂര്യാഘാതമേറ്റ പാടുകള്‍ ദിനേശന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകള്‍ നല്‍കി. ഇന്ന് ഉച്ചവരെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരാണ്. സൂര്യാഘാത സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്തെ മിക്കയിടങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കൊല്ലം പുനലൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ഇന്നത്തെ ഏറ്റവും കൂടിയ താപനിലയാണിത്. കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും കനത്ത ചൂടാണ്. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

കേരളത്തില്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ സന്തോഷ് അറിയിച്ചു. ശരാശരിയില്‍ നിന്ന് 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കന്‍ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്. കോട്ടയം, കൊല്ലം ജില്ലകളില്‍ 37, തൃശൂരില്‍ 38.6, പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി. തിരുവനന്തപുരം നഗരത്തില്‍ 34.5 ആയിരുന്നു. കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ 15ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Tags:    

Similar News