പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം : വിദഗ്ദ്ധ സമിതിയെ നിയമിച്ചതായി സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനില്‍

സെന്‍ട്രല്‍ ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കേറ്റില്ലാത്ത പേവിഷബാധ പ്രതിരോധ വാക്‌സിന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Update: 2022-10-18 16:14 GMT

കോഴിക്കോട്: പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ശാസ്ത്രീയ അന്വേഷണം നടത്തുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ ഓഗസ്റ്റ് അവസാനം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

വിദഗ്ദ്ധ സമിതിയുടെ തീരുമാനം വരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്തുന്നത് അകാലത്തിലാകുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു. സെന്‍ട്രല്‍ ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കേറ്റില്ലാത്ത പേവിഷബാധ പ്രതിരോധ വാക്‌സിന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കോര്‍പ്പറേഷന്‍ സംഭരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അംഗീകൃത ലാബിന്റെ പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആന്റീ റാബീസ് (Equine Anti Rabies Immunoglobulin Vaccine) പോലുള്ള മരുന്നുകള്‍ക്ക് ഗുണനിലവാര സര്‍ട്ടിഫിക്കേറ്റ് ഉണ്ടാകാറില്ല. പേവിഷബാധക്കുള്ള മരുന്നു വിതരണം നടത്താന്‍ കോര്‍പ്പറേഷന്‍ ഏല്‍പ്പിച്ചിരിക്കുന്ന വിന്‍സ് ബയോ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് വിതരണം ചെയ്യുന്ന മരുന്നിന് വിപണന നിരോധനം നിലവിലില്ല. മരുന്നുകള്‍ക്ക് പണം നല്‍കുന്നതിന് മുമ്പ് കേന്ദ്ര ഡ്രഗ്‌സ് ലാബിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പേവിഷബാധക്കുള്ള മരുന്നുകളുടെ ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ വിന്‍സ് ലിമിറ്റഡിന് 201520 വരെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബിന്റെ അംഗീകാരത്തിന് ഇളവ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും സര്‍ക്കുലറിന്റെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലും സര്‍ട്ടിഫിക്കേഷനില്‍ ഇളവ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കാനുള്ള കാലതാമസവും മരുന്നുകളുടെ അനിവാര്യതയുമാണ് സര്‍ട്ടിഫിക്കേറ്റ് ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍പറയുന്നു.

Tags:    

Similar News