പ്രവാസികളുടെ ക്വാറന്റൈന്‍ ഫീസ്: സര്‍ക്കാര്‍ തീരുമാനം നന്ദികേട്- ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ഗള്‍ഫ് മലയാളികള്‍ മാത്രം കേരളത്തിലെ ബാങ്കുകളിലെത്തിക്കുന്ന വരുമാനം ഒരുലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്. സംസ്ഥാന ജിഡിപിയുടെ 31.2 ശതമാനം ഗള്‍ഫില്‍നിന്നുള്ള വരുമാനമാണ്.

Update: 2020-05-29 10:51 GMT

മലപ്പുറം: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു മടങ്ങിവരുന്ന പ്രവാസികളില്‍നിന്നും ക്വാറന്റൈന്‍ ഫീസ് വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം നന്ദികേടും ക്രൂരവുമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഗള്‍ഫ് മലയാളികള്‍ മാത്രം കേരളത്തിലെ ബാങ്കുകളിലെത്തിക്കുന്ന വരുമാനം ഒരുലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്. സംസ്ഥാന ജിഡിപിയുടെ 31.2 ശതമാനം ഗള്‍ഫില്‍നിന്നുള്ള വരുമാനമാണ്. ഇക്കാലമത്രയും എല്ലാ പ്രതിസന്ധിഘട്ടങ്ങളിലുമുള്‍പ്പെടെ ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ നാടിനായി എല്ലാവിധ സഹായങ്ങളും ചെയ്തവരാണ് പ്രവാസി മലയാളികള്‍.

ക്വാറന്റൈന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്നും കേരളം കൂടെയുണ്ടെന്നും മോഹിപ്പിച്ച ഭരണകൂടം ഇന്നുവരെ വഞ്ചിക്കുകയാണ് ചെയ്തത്. ക്വാറന്റൈന്‍ സൗകര്യത്തിനുവേണ്ടി നിരവധി കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും സൗജന്യമായി നല്‍കാന്‍ കേരളത്തില്‍ സന്‍മനസ്സുള്ളവര്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ അതെല്ലാം മറക്കുകയാണ്. വാടക ഈടാക്കി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താമസം, എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന ആ പാവങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ജീവരക്ഷാര്‍ഥം നാട്ടിലേക്ക് മടങ്ങുന്ന പാവങ്ങളെ അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News