തീവണ്ടികളില്‍ അനധികൃത കുപ്പിവെള്ളം വില്‍പന പിടിക്കാന്‍ ആര്‍പിഎഫിന്റെ 'ഓപ്പറേഷന്‍ ദാഹം'

രണ്ടു ദിവസങ്ങളിലായി വിവിധ സ്റ്റേഷനുകളിലെ കാറ്ററിങ് സ്റ്റാള്‍, ഫുഡ് പ്ലാസ, ട്രെയിനുകളിലെ പാന്‍ട്രി കാര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്സ്പ്രസ്(22639), എറണാകുളം-പാറ്റ്ന എക്സ്പ്രസ്(22643) എന്നീ തീവണ്ടികളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്ക് കൊണ്ടു വന്ന മറ്റു ബ്രാന്‍ഡുകളുടെ പാക്കറ്റ് വാട്ടര്‍ ബോട്ടിലുകള്‍കണ്ടെത്തി

Update: 2019-07-11 02:34 GMT

കൊച്ചി: തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും അനധികൃത കുപ്പിവെള്ള വില്‍പ്പന നടത്തുന്നത് തടയാന്‍ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ടീമിന്റെ 'ഓപ്പറേഷന്‍ ദാഹം' (ഓപ്പറേഷന്‍ തേസ്റ്റ്) എന്ന പേരില്‍ വ്യാപക പരിശോധന. രണ്ടു ദിവസങ്ങളിലായി വിവിധ സ്റ്റേഷനുകളിലെ കാറ്ററിങ് സ്റ്റാള്‍, ഫുഡ് പ്ലാസ, ട്രെയിനുകളിലെ പാന്‍ട്രി കാര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്സ്പ്രസ്(22639), എറണാകുളം-പാറ്റ്ന എക്സ്പ്രസ്(22643) എന്നീ തീവണ്ടികളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്ക് കൊണ്ടു വന്ന മറ്റു ബ്രാന്‍ഡുകളുടെ പാക്കറ്റ് വാട്ടര്‍ ബോട്ടിലുകള്‍കണ്ടെത്തി. റെയില്‍വേ ബ്രാന്‍ഡായ റെയില്‍നീര്‍ കുപ്പിവെള്ളം വില്‍ക്കുന്നതിനാണ് പാന്‍ട്രി കാറുകളിലും മറ്റും അനുമതി. ഇത് ലംഘിച്ചതിന് പാന്‍ട്രി കാര്‍ നടത്തിപ്പുകാര്‍ക്കെതിരെ റെയില്‍വേ ആക്ട് പ്രകാരം കേസെടുത്തതായി ആര്‍ പി എഫ് അറിയിച്ചു. ഇവര്‍ക്കെതിരെ തുടര്‍ നടപടികളും സ്വീകരിക്കും. വരും ദിവസങ്ങളിലും റെയ്ഡ് തുടരും.

രാജ്യമൊട്ടാകെ നടത്തിയ റെയ്ഡില്‍ ആകെ 732 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളം അനധികൃതമായി വിറ്റതിന് നാലു പാന്‍ട്രി കാര്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെ 801 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലെ സ്റ്റാളുകളില്‍ റെയില്‍ നീര്‍ ബ്രാന്‍ഡ് അല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നതായി കണ്ടെത്തി. ഇവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഐ.എസ്.ആര്‍.ടി.സിയുടെ കീഴില്‍ ഉത്പാദനം നടത്തുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന് 15 രൂപയാണ് യഥാര്‍ഥ വില. എന്നാല്‍ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പല വില്‍പ്പനക്കാരും 20 രൂപ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതായി നേരത്തെ തന്നെ നിരവധി പരാതികളുണ്ട്. ഇതിന് പുറമേയാണ് റെയില്‍വേ അനുമതിയില്ലാതെ കൂടിയ വിലക്ക് അധിക ലാഭമുണ്ടാക്കാന്‍ മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളവും വില്‍പ്പനയ്ക്കെത്തിക്കുന്നത്. 

Tags:    

Similar News