മഴക്കെടുതി: ഇടുക്കി ജില്ലയില്‍ 173.64 കോടിയുടെ കൃഷിനാശം
ഇതുവരെ 17 വീടുകള്‍ പൂര്‍ണമായും 390 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഇടുക്കി: ജില്ലയിലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 17 വീടുകള്‍ പൂര്‍ണമായും 390 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ മഴകനത്ത കഴിഞ്ഞ പത്തുദിവസങ്ങളിലായി 1956.43 ഹെക്ടര്‍ കൃഷിയിടത്തിലായി 17364.33 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 17,320 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. 813.30 ഹെക്ടറിലായി 127.45 കോടി രൂപയുടെ നഷ്ടം ഏലം കൃഷിയ്ക്ക് മാത്രമുണ്ടായി.
233.8 ഹെക്ടറിലായി എട്ട് കോടി 21 ലക്ഷം രൂപയുടെ നഷ്ടം കുരുമുളക് കൃഷിയിലും സംഭവിച്ചു. നാലുലക്ഷത്തിലധികം വാഴകള്‍, 981 തെങ്ങുകള്‍, 160 ഗ്രാമ്പുചെടികള്‍ തുടങ്ങിയവ ശക്തമായ കാറ്റിലും മഴയിലും നശിച്ചു. ഇതിനു പുറമെ കപ്പ, പച്ചക്കറികള്‍, കൊക്കോ, ഇഞ്ചി, മഞ്ഞള്‍ എന്നിങ്ങനെ ജില്ലയിലെ എല്ലാവിധ കാര്‍ഷിക വിളകള്‍ക്കും വലിയ നാശനഷ്ടമാണ് മഴക്കെടുതിയിലുണ്ടായത്.