രാമക്ഷേത്ര ട്രസ്റ്റിന് പണപ്പിരിവ്: ബാങ്ക് ഓഫ് ബറോഡയുടെ നീക്കം മതേതരത്വത്തിന് ഭീഷണി- ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍

ആര്‍എസ്എസ് പ്രമുഖുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടണമെന്ന നിര്‍ദേശം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഒരു മതേതര രാജ്യത്തെ പൊതുമേഖലാ സ്ഥാപനം ഒരു പ്രത്യേക മതത്തിന്റെ പ്രചാരകരായി മാറുന്നു എന്നത് പൊതുജനസമൂഹം ഗൗരവമായി കാണേണ്ട വിഷയമാണെന്ന് ഫെഡറേഷന്‍ കുറ്റപ്പെടുത്തി.

Update: 2021-01-16 09:56 GMT

കോഴിക്കോട്: അയോധ്യയിലെ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പണപ്പിരിവ് നടത്തുന്ന നടപടിയ്‌ക്കെതിരേ പ്രതിഷേധവുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി രംഗത്ത്. മതസ്ഥാപനങ്ങളോ ട്രസ്റ്റുകളോ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതില്‍ യാതൊരു അപാകതയുമില്ല. എന്നാല്‍, അത്തരം അക്കൗണ്ടുകളില്‍ നിക്ഷേപം സ്വരുപീക്കുന്നതിന് ഒരു ബാങ്ക്, അതും ഒരു പൊതുമേഖലാ ബാങ്ക്, ഇറങ്ങിപ്പുറപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഇത്തരമൊരു നീക്കം മതേതരത്വത്തിന് ഭീഷണിയാണ്.

രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കാന്‍ അതാത് പ്രദേശങ്ങളിലെ ആര്‍എസ്എസ് പ്രമുഖുമായി ബന്ധപ്പെടണമെന്നാണ് ബാങ്കധികാരികള്‍ ജീവനക്കാരോടും ഓഫിസര്‍മാരോടും ആവശ്യപ്പെട്ടിരിക്കുന്നത്. അതിനായി ഓഫിസര്‍മാര്‍ക്ക് ചുമതലയും നല്‍കിയിരിക്കുന്നു. ആര്‍എസ്എസ് പ്രമുഖുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടണമെന്ന നിര്‍ദേശം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഒരു മതേതര രാജ്യത്തെ പൊതുമേഖലാ സ്ഥാപനം ഒരു പ്രത്യേക മതത്തിന്റെ പ്രചാരകരായി മാറുന്നു എന്നത് പൊതുജനസമൂഹം ഗൗരവമായി കാണേണ്ട വിഷയമാണെന്ന് ഫെഡറേഷന്‍ കുറ്റപ്പെടുത്തി.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രാമജന്മഭൂമി ട്രസ്റ്റിന്റെ പ്രചാരകരായി ആദ്യഘട്ടത്തില്‍ രംഗത്തുവന്നത്. അവരുടെ യോനോ എന്ന ആപ്പ് തുറക്കുമ്പോള്‍ തന്നെ ട്രസ്റ്റിന്റെ പരസ്യമായിരുന്നു വന്നിരുന്നത്. എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അത് അപ്രത്യക്ഷമായി. സംസ്ഥാനത്തെ ഒരു സ്വകാര്യബാങ്കിന്റെ എടിഎമ്മില്‍ ശരീഅത്ത് നിയമപ്രകാരം പലിശരഹിതമായ അക്കൗണ്ടുകള്‍ ആരംഭിക്കാമെന്ന പരസ്യം പ്രദര്‍ശിപ്പിച്ചപ്പോള്‍ അതിനെതിരേ കടുത്ത വര്‍ഗീയത പ്രചരിപ്പിച്ച് ബാങ്ക് ജീവനക്കാരെയും ഓഫിസര്‍മാരെയും സംഘപരിവാറിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ വാര്‍ത്തയും അടുത്തിടെ പുറത്തുവരികയുണ്ടായി.

ബാങ്കുകളെ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളെ, ഭരണാധികാരികളുടെ മൗനാനുവാദത്തോടെ, സംഘപരിവാറിന്റെ മതപ്രചാരകസ്ഥാപനങ്ങളാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് വേണ്ടി പണപ്പിരിവ് നടത്താനുള്ള ഉത്തരവ്. പ്രസ്തുത ഉത്തവ് ഉടന്‍ പിന്‍വലിച്ച് പൊതുസ്ഥാപനത്തിന്റെ മതേതര നിലപാട് കാത്തുസൂക്ഷിക്കാന്‍ ബാങ്ക് ഓഫ് ബറോഡ അധികാരികള്‍ തയ്യാറാവണമെന്ന് ഫെഡറേഷന്‍ അഭ്യര്‍ഥിച്ചു.

ബാങ്ക് ഓഫ് ബറോഡയുടെ ലഖ്‌നോ സോണല്‍ മേധാവിയാണ് രാമക്ഷേത്രനിര്‍മാണ ട്രസ്റ്റ് തുറന്ന രണ്ട് അക്കൗണ്ടിലേക്കും പരമാവധി തുക സമാഹരിച്ച് നല്‍കാന്‍ ബാങ്ക് ശാഖകള്‍ മുന്‍കൈയെടുക്കണമെന്ന് ഉത്തരവിട്ടത്. മേഖല, സോണല്‍ തലങ്ങളില്‍ മുന്‍കൈയെടുത്ത് ശാഖകളിലും എടിഎമ്മുകളിലും ബിസിനസ് കറസ്‌പോണ്ടന്റ്‌സ് കേന്ദ്രങ്ങളിലും പ്രചാരണ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കണം. ഈ അക്കൗണ്ടുകളിലേക്കുള്ള വരുമാനവിവരങ്ങള്‍ അപ്പപ്പോള്‍ ശേഖരിച്ചുനല്‍കാന്‍ ഓരോ തലത്തിലും ചുമതലക്കാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ജനുവരി 15 മുതല്‍ ഫെബ്രുവരി 28 വരെയാണ് ഫണ്ട് ശേഖരണം.

Tags:    

Similar News