മുഖ്യമന്ത്രി രാജിവയ്ക്കണം; ഓഫീസിനെ സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം: ചെന്നിത്തല
പല സർക്കാർ പരിപാടികളുടെയും ആസൂത്രക സ്വപ്നയായിരുന്നു. സ്വപ്ന ക്ഷണിച്ച സെമിനാറിൽ റാവീസ് ഹോട്ടലിൽ നാല് മണിക്കൂറാണ് മുഖ്യമന്ത്രി പങ്കെടുത്തത്.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. പല അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേസിലെ മുഖ്യപ്രതി സ്വപ്നയ്ക്ക് സർക്കാരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. വേണ്ടപ്പെട്ടവർ നടത്തിയ അഴിമതികളിലെല്ലാം മുഖ്യമന്ത്രി കണ്ണടച്ച് പാല് കുടിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. പല സർക്കാർ പരിപാടികളുടെയും ആസൂത്രക സ്വപ്നയായിരുന്നു. സ്വപ്ന ക്ഷണിച്ച സെമിനാറിൽ റാവീസ് ഹോട്ടലിൽ നാല് മണിക്കൂറാണ് മുഖ്യമന്ത്രി പങ്കെടുത്തത്. സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല് വർഷമായി പിണറായി സർക്കാർ കുറ്റവാളികളെ രക്ഷിക്കാൻ ചെയ്തിട്ടുള്ള കാര്യങ്ങൾ നാട്ടിൽ പാട്ടാണ്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച് വ്യാഴാഴ്ച എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.