സാങ്കേതിക സര്‍വകലാശാല പരീക്ഷ പരിഷ്‌കരണം: മന്ത്രി കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷം

ഇത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിനുമേലുള്ള പ്രൊ ചാന്‍സലറായ മന്ത്രിയുടെ കൈകടത്തലാണ്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ കാണിക്കുന്ന മൗനം ദുരൂഹമാണ്.

Update: 2019-10-22 09:46 GMT

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ പരിഷ്‌കരണത്തില്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പരീക്ഷാ പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി നേരിട്ട് ഉത്തരവിറക്കി.



പരീക്ഷ എങ്ങിനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ഇതിനായി വിസി ഉത്തരവിറക്കുകയും ചെയ്തു. എ പി ജെ അബ്ദുല്‍ കലാം സര്‍വകലാശാലയില്‍ ഉണ്ടായിരുന്ന സംവിധാനം മന്ത്രി മാറ്റി. മന്ത്രിയുടെ ഓഫീസില്‍ തയാറാക്കിയ പ്രപ്പോസല്‍ മന്ത്രി അംഗീകരിച്ച ശേഷം നടപ്പാക്കാന്‍ വിസിയോട് ആജ്ഞാപിക്കുകയാണ് ചെയ്തിരിക്കുന്നത്. 

ഇത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിനുമേലുള്ള പ്രൊ ചാന്‍സലറായ മന്ത്രിയുടെ കൈകടത്തലാണ്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ കാണിക്കുന്ന മൗനം ദുരൂഹമാണ്. മന്ത്രി വളയമില്ലാതെ ചാടുന്നത് കണ്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിന്റെ പൂർണരൂപം ചുവടെ:

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ  മൂല്യം പാടെ തകര്‍ക്കുന്ന തരത്തില്‍ മന്ത്രി കെ ടി ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്ക് കുഭകോണത്തിന്റെ വിവരങ്ങള്‍ പുറത്തു വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണ്?

നിയമങ്ങളും ചട്ടങ്ങളുമെല്ലാം ലംഘിച്ചു കൊണ്ടാണ് മന്ത്രി ഇടപെട്ട് സര്‍വ്വകലാശാലകളില്‍ മാര്‍ക്ക് ദാനം നടത്തിയിരിക്കുന്നത്. സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വ്വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെടുന്നതിന്റെ നിരവധി വാര്‍ത്തകളാണ് ഇതിനകം പുറത്തു വന്നിരിക്കുന്നത്.

ഈ ഇടപെടലിന്റെ പുതിയ ഒരു ഉദാഹരണം കൂടി ഞാന്‍ ഇന്ന് പുറത്ത് വിടുകയാണ്. കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷ്‌ക്കരിച്ചു കൊണ്ട് മന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റോ അക്കാദമിക് സമിതികളിലോ ചര്‍ച്ച ചെയ്യാതെ സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശത്തെ ഹനിച്ചു കൊണ്ട് മന്ത്രി നേരിട്ട് വിസിക്ക് ഉത്തരവ് കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.

18-11-18 നാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ മന്ത്രി ഒപ്പിട്ടത്. പിറ്റേന്ന് 19-11-19 ന് തന്നെ സര്‍വ്വകലാശാല അത് അക്ഷരം പ്രതി നടപ്പാക്കി ഉത്തരവിറക്കുകയും ചെയ്തു. സര്‍വ്വകലാശാലയുടെ ഈ ഉത്തരവില്‍ ഈ പ്രപ്പോസല്‍ എവിടെ നിന്ന് വന്നു എന്നതിനെക്കുറിച്ചുള്ള സൂചനകളോ റഫറന്‍സോ ഇല്ല. ഉത്തരവില്‍ റീഡ് എന്ന ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്. അത് ദുരൂഹമാണ്.

 സര്‍വ്വകലാശാലയുടെ പരീക്ഷ  സംബന്ധിച്ച കാര്യങ്ങളുടെ നടത്തിപ്പിനായി ഒരു എക്‌സാമിനേഷന്‍ മാനേജിങ് കമ്മിറ്റി(EMC) രൂപീകരിച്ചു കൊണ്ടുള്ളതാണ് ഉത്തരവ്. നേരത്തെ എക്‌സാമിനേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ് (EMS) എന്ന സംവിധാനമാണ് സാങ്കേതിക സര്‍വ്വകലാശാലയില്‍ പരീക്ഷയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അത് പരീക്ഷാ കണ്‍ട്രോളറുടെ നിയന്ത്രണത്തിലായിരുന്നു. അത്  മാറ്റിയാണ് ആറു  പേരടങ്ങുന്ന  കമ്മറ്റിക്ക് പരീക്ഷാ ചുമതല നല്‍കിയത്.

 ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുള്ള ചുമതലയും ഈ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നു എന്നതാണ് ഈ ഉത്തരവിലെ സംശയകരമായ വസ്തുത.  അതീവ രഹസ്യ സ്വഭാവത്തോടെയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടത്. നേരത്തെ അത് പരീക്ഷാ കണ്‍ട്രോളറുടെ മാത്രം ചുമതലയിലായിരുന്നു. സാധാരണ അഞ്ചു സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും ഒരു വിദഗ്ദ്ധ സമിതി  അവ പരിശോധിച്ചു കവറുകളിലാക്കുകയും ചെയ്യും. ആ കവറുകള്‍ പൊട്ടിച്ചു നോക്കാതെ അതിലൊന്ന് പരീക്ഷാകണ്‍ട്രോളര്‍ എടുത്ത് അച്ചടിക്കാനായക്കും.

അത്രയും രഹസ്യ സ്വഭാവത്തോടെ നടത്തുന്ന പരീക്ഷാ പേപ്പര്‍ തയ്യാറാക്കലില്‍ വെള്ളം ചേര്‍ക്കുകയാണിവിടെ ചെയ്തിരിക്കുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ക്ക് പകരം ആറു പേരുള്ള വിപുലമായ എക്‌സാമിനേഷന്‍ മാനേജിങ് കമ്മിറ്റിക്ക് ആണ് ഈ ചുമതല നല്‍കിയിരിക്കുകയാണ്.  ഇത് വഴി ചോദ്യപേപ്പര്‍ തയ്യാറാക്കലിലെ രഹസ്യ സ്വഭാവം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ചോദ്യം ചോര്‍ത്താനും കഴിയും.

ചോദ്യപേപ്പര്‍ തയ്യാറാക്കലില്‍ ഡീനിനും ചുമതല നല്‍കിയിരിക്കുകയാണ്. സര്‍വ്വകലാശാല ആക്ടില്‍  ഡീനിന് അതിന് അധികാരമില്ല. ആക്ട് ലംഘിച്ചിരിക്കുകയാണിവിടെ. മാത്രമല്ല, ഘടനാപരമായ ഇത്രയും വലിയ മാറ്റം വരുത്തുമ്പോള്‍ അത് സര്‍വ്വകലാശാലയില്‍ സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. അത് ചെയ്തതായി കാണുന്നില്ല.

മന്ത്രിയുടെ ഓഫീസല്‍ പ്രൊപ്പൊസല്‍ തയ്യാറാക്കുകയും അത് മന്ത്രി അംഗീകരിച്ച ശേഷം നടപ്പാക്കാന്‍ വിസിയോട് ആജ്ഞാപിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ വിസിക്ക് ഉത്തരവ് നല്‍കാന്‍ മന്ത്രിക്ക് അധികാരമല്ല. ഇത് സര്‍വ്വകാലാശാലയുടെ സ്വയംഭരണത്തിന്മേലുള്ള കയ്യേറ്റമാണ്. ഇത് മാത്രമല്ല മന്ത്രി സര്‍വ്വകലാശാലകളില്‍ നേരിട്ട് ഇടപെട്ടതിന്റെ നിരവധി കാര്യങ്ങളാണ് ദിവസവും  പുറത്തു വരുന്നത്. എന്നാല്‍ ഞാന്‍ ഇനിയും തെറ്റ് ആവര്‍ത്തിക്കും എന്നാണ് മന്ത്രി പറയുന്നത്.

മന്ത്രിയുടെ മാര്‍ക്ക് ദാനവും മന്ത്രിയുടെ ഓഫീസ് നടത്തുന്ന ഇടപെടലുകളും പൂര്‍ണ്ണമായി തെറ്റാണെന്ന് ഇടതു പക്ഷ സഹയാത്രികന്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്. രാജന്‍ ഗുരുക്കളുടെ വിവേക പൂര്‍ണ്ണമായ വാക്കുകള്‍ പോലും തള്ളിക്കളഞ്ഞു കൊണ്ട് താന്‍ ഇനിയും നിയമവും ചട്ടങ്ങളും എല്ലാം ലംഘിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

നിയമവും ചട്ടങ്ങളും താന്‍ ഇനിയും ലംഘിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സത്യപ്രതിജ്ഞാ ലംഘനവും നീതിന്യായ വ്യവസ്ഥതിയോടുള്ള  വെല്ലുവിളിയുമാണ്. ഇതുവരെ നടത്തിയ നിയമലംഘനങ്ങള്‍ കേമത്തരമായി വിളിച്ചു പറയുകയും അത് ഇനിയും ആവര്‍ത്തിക്കുകയും ചെയ്യുമെന്ന്  പ്രഖ്യാപിക്കുകയുടെ ചെയ്യുന്നത് ഗുരുതരമായ ഭരണഘടനാ പ്രശ്‌നമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അദ്ദേഹം ഈ നിയമലംഘനത്തെ അനുകൂലിക്കുന്നത് കൊണ്ടാണോ? സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ ഉടനടി പുറത്താക്കേണ്ടത് മന്ത്രിസഭയുടെ തലവനെന്ന നിലയ്ക്ക് മുഖ്യമന്ത്രിയുടെ കടമയാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

Tags:    

Similar News