മത്തിക്കച്ചവടം മാന്യമായ തൊഴിലാണ്, ബോണ്ട് വിറ്റ് കാശടിക്കുന്നത് പോലെയല്ല: രമേശ് ചെന്നിത്തല
മൽസ്യത്തൊഴിലാളികളുടെ വോട്ടുവാങ്ങി ജയിച്ച തോമസ് ഐസക്ക് അവരെ അപമാനിച്ചു. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഐസക്കിനെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: മത്തിക്കച്ചവടം പോലെയല്ല ബോണ്ട് വാങ്ങുന്നതെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് മൽസ്യത്തൊഴിലാളികളെ അപമാനിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മൽസ്യത്തൊഴിലാളികള്‍ മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണ്. മത്തിക്കച്ചവടം മാന്യമായ തൊഴിലാണ്. ബോണ്ടു വിറ്റ് കമ്മീഷന്‍ അടിക്കുന്നതാണ് അധമമായ ജോലി. ആലപ്പുഴയില്‍ മൽസ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങി ജയിച്ച തോമസ് ഐസക്ക് അവരെ അപമാനിച്ചിരിക്കുകയാണ്. ഇതിന് അദ്ദേഹം മൽസ്യത്തൊഴിലാളികളോട് മാപ്പ് പറയണം.
മസാലാ ബോണ്ട് സംബന്ധിച്ച് താന്‍ ഉന്നയിച്ച ഒരു കാര്യത്തിനും ശരിയായ മറുപടി നല്‍കാന്‍ തോമസ് ഐസക്ക് തയ്യാറായിട്ടില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മറുപടി പറയുന്നതിന് പകരം തരംതാണ നിലയില്‍ അധിക്ഷേപങ്ങള്‍ നടത്തി രക്ഷപ്പെടാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതിന് പകരം താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ തയ്യാറാണോ എന്ന് തോമസ് ഐസക്കിനെ രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.
മസാലാ ബോണ്ട് കേരളത്തെ പണയപ്പെടുത്തുന്നതും ഭാവി തലമുറയെപ്പോലും കടക്കെണിയില്‍പ്പെടുത്തുന്നതുമാണ്. അക്കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ട്രഷറി പൂട്ടിയിടുകയും നാടിന്റെ സാമ്പത്തിക നില തകര്‍ക്കുകയും ചെയ്ത ധനമന്ത്രി തോമസ് ഐസക്ക് നാടിന് തന്നെ ബാദ്ധ്യതയായി മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.