പിണറായി വിജയൻ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതി: രമേശ് ചെന്നിത്തല
പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കിൽ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലർ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകൾ വിറ്റു കാശാക്കുമായിരുന്നു.
തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയിലാണെങ്കിലും ലണ്ടനിലാണെങ്കിലും ഡൽഹിയിലാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും ഏകാധിപതികൾ സ്വേഛാധിപത്യ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കിൽ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലർ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകൾ വിറ്റു കാശാക്കുമായിരുന്നു. കോടതിയും പ്രതിപക്ഷവും വസ്തുതകൾ മനസ്സിലാക്കിയപ്പോൾ അവസാനം വരെ സർക്കാർ മുടന്തൻ ന്യായം പറഞ്ഞ് പിടിച്ചുനിന്നു. രക്ഷയില്ലായെന്ന് കണ്ടപ്പോൾ തകിടം മറിഞ്ഞ പരിതാപകരമായ അവസ്ഥയാണ് ഇന്നലെ സർക്കാർ സത്യവാങ്മൂലത്തിലൂടെ കണ്ടതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഏപ്രിൽ 10നാണ് സ്പ്രിങ്ഗ്ലർ കരാർ പ്രതിപക്ഷം ആദ്യമായി ഉന്നയിക്കുന്നത്. പ്രതിപക്ഷം ഇത് ഉന്നയിച്ചില്ലായിരുന്നെങ്കിൽ അമേരിക്കൻ കമ്പനിക്കും നിക്ഷിപ്ത താത്പര്യക്കാർക്കും കൊവിഡ്19 ന്റെ മറവിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്നു. ഈ ഡാറ്റ അടുത്ത തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രയോജനപ്പെടുത്താനും ദുരുപയോഗം ചെയ്യുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.