ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും കൈകോര്‍ത്തു, ഇതുവരെ രക്ഷിച്ചത് ആയിരത്തോളം പേരെ

ആകെ 288 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയത്. ഇതില്‍ വകുപ്പിന്റെ ബോട്ടുകള്‍, പരിശീലനം സിദ്ധിച്ച മത്സ്യത്തൊഴിലാളികളുടെ സ്‌ക്വാഡ് തുടങ്ങിയവരാണുള്ളത്. പരിശീലനം നല്‍കിയ രക്ഷാ സ്‌ക്വാഡില്‍ 271 പേരാണ് സജ്ജമായി രംഗത്തുള്ളത്.

Update: 2019-08-09 16:38 GMT

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വള്ളങ്ങള്‍ ഉപയോഗിച്ച് രക്ഷിച്ചത് 1000 ഓളം പേരെ. വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ രക്ഷാബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഏകോപിപ്പിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രളയബാധിതമേഖലകളില്‍ നിന്ന് നിരവധിപേരെ രക്ഷാകേന്ദ്രങ്ങളിലെത്തിക്കാനായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിവരെ 710 പേരെ രക്ഷിച്ചതായി വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനുപുറമേ, അനേകരെ ഈ ബോട്ടുകള്‍ രക്ഷിച്ചിട്ടുണ്ട്. മിക്ക ബോട്ടുകളും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്.

ആകെ 288 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയത്. ഇതില്‍ 107 എണ്ണമാണ് വിവിധ ജില്ലകളില്‍ രക്ഷാദൗത്യത്തിനിറങ്ങിയത്. ഇതില്‍ വകുപ്പിന്റെ ബോട്ടുകള്‍, പരിശീലനം സിദ്ധിച്ച മത്സ്യത്തൊഴിലാളികളുടെ സ്‌ക്വാഡ് തുടങ്ങിയവരാണുള്ളത്. പരിശീലനം നല്‍കിയ രക്ഷാ സ്‌ക്വാഡില്‍ 271 പേരാണ് സജ്ജമായി രംഗത്തുള്ളത്. ഇതില്‍ 77 പേരെ വിന്യസിച്ചിട്ടുണ്ട്. ആവശ്യം വരുന്നതനുസരിച്ച് ബാക്കിയുള്ളവരെയും രക്ഷാദൗത്യത്തിന് നിയോഗിക്കും.

ഇതിനുപുറമേ, സ്വയം സന്നദ്ധരായി മുന്നോട്ടുവന്നത് 579 മത്സ്യത്തൊഴിലാളികളാണ്. ഇതില്‍ 225 പേരെ വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറക്കിയിട്ടുണ്ട്.

പരിശീലനാ സിദ്ധിച്ച മത്സ്യത്തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സജ്ജരായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍നിന്നാണ്. 80 പേര്‍. സ്വയം സന്നദ്ധരായി മുന്നിട്ട് രക്ഷാപ്രവര്‍ത്തനത്തിനുള്ള മത്സ്യത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ പേര്‍ സജ്ജരായത് ആലപ്പുഴയില്‍ നിന്നാണ്- 180 പേര്‍.

എറണാകുളത്ത് നിന്നുള്ള വള്ളങ്ങള്‍ നിയോഗിച്ചിരുന്നത് ആലുവ, ഏലൂര്‍, പറവൂര്‍ മേഖലകളിലാണ്. തൃശൂരില്‍ നിന്നുള്ളവരെ ചാലക്കുടി, നിലമ്പൂര്‍, മാള, പാലക്കാട് മേഖലകളിലേക്കാണ് നിയോഗിച്ചിരിക്കുന്നത്. മലപ്പുറത്ത് നിന്നുള്ളവര്‍ നിലമ്പൂര്‍, എടവണ്ണ, കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, പോത്തുകല്ല്, വാഴക്കാട് പ്രദേശങ്ങളിലാണ്. മലപ്പുറത്തു നിന്നുള്ള സംഘമാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പേരെ രക്ഷിച്ചത്. മൂന്നുമണിവരെയുള്ള കണക്ക് പ്രകാരം ഇവര്‍ 310 പേരെ രക്ഷിച്ചു.

കോഴിക്കോട് നിന്നുള്ളവര്‍ ബേപ്പൂര്‍, താമരശ്ശേരി, വാഴൂര്‍, ചാലിയം, ഫെറോക്, മാവൂര്‍, ഒളവണ്ണ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്. കണ്ണൂര്‍ നിന്നുള്ള വള്ളങ്ങള്‍ ഇരിട്ടി, ശ്രീകണ്ഠാപുരം, ചെങ്കളായി, കുട്ടിയാട്ടൂര്‍, മയ്യില്‍, പാപ്പിനിശ്ശേരി, നാറാത്ത്, വാരം, കക്കാട്, മുല്ലക്കോടി, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വയനാട് നിന്നുള്ള വള്ളങ്ങള്‍ വൈത്തിരിയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പാലക്കാട് നിന്നുള്ള വള്ളങ്ങള്‍ ആലത്തൂര്‍, പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.

ഇതുകൂടാതെ സജ്ജമായ മറ്റു വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ഏതുസമയത്തും ആവശ്യമുള്ള മേഖലകളിലേക്ക് എത്താന്‍ തയാറായി നില്‍ക്കുകയാണെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. 

Tags:    

Similar News