കേരളത്തില്‍ ആരും സമര രോഗികള്‍ അല്ല, പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറകണം: രമേശ് ചെന്നിത്തല

സമരങ്ങളോട് മോഡി കാട്ടുന്ന സമീപനം പിണറായി വിജയന്‍ കാട്ടരുത്.എല്ലാം രാഷ്ട്രീയ കുഴല്‍ക്കാണ്ണാടിയിലൂടെ മാത്രം കാണാതെ വസ്തുതാപരമായി പരിശോധിച്ച് പരിഹാരം കാണാനുള്ളു ഉത്തരവാദിത്വം സര്‍ക്കാരിന് ഉണ്ട്.ജിവിക്കാന്‍ ഒരു തൊഴിലിനുവേണ്ടി എല്ലാ വാതിലുകളും മുട്ടിയതിനു ശേഷം മറ്റൊരു മാര്‍ഗ്ഗവുമില്ലാതായതോടെയാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിന് ഇറങ്ങിയത്.നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന കണക്ക് യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല

Update: 2021-02-12 05:49 GMT

കൊച്ചി: കേരളത്തില്‍ ആരും സമര രോഗികള്‍ അല്ലെന്നും പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ന്യായമായ ആവശ്യത്തിനാണ് ഉദ്യോര്‍ഥികള്‍ സമരം ചെയ്യുന്നത്.സമരങ്ങളോട് മോഡി കാട്ടുന്ന സമീപനം പിണറായി വിജയന്‍ കാട്ടരുത്. ഇവിടെ ആരും സമര രോഗികള്‍ ഇല്ല. സര്‍ക്കാരിനെ അട്ടിമറിക്കാനല്ല അവര്‍ സമരം നടത്തുന്നത്. രണ്ടു മാസം മാത്രം ബാക്കി നില്‍ക്കുന്ന സര്‍ക്കാരിനെ ഇനി ആര് അട്ടിമറിക്കാനാണ്.അടുത്ത തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തന്നെ ഈ സര്‍ക്കാരിനെ അട്ടിമറിച്ചോളും.

എല്ലാം രാഷ്ട്രീയ കുഴല്‍ക്കാണ്ണാടിയിലൂടെ മാത്രം കാണാതെ വസ്തുതാപരമായി പരിശോധിച്ച് പരിഹാരം കാണാനുള്ളു ഉത്തരവാദിത്വം സര്‍ക്കാരിന് ഉണ്ട്.ജിവിക്കാന്‍ ഒരു തൊഴിലിനുവേണ്ടി എല്ലാ വാതിലുകളും മുട്ടിയതിനു ശേഷം മറ്റൊരു മാര്‍ഗ്ഗവുമില്ലാതായതോടെയാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിന് ഇറങ്ങിയത്.മന്ത്രിമാര്‍ നിരന്തരമായി സമരം ചെയ്യുന്നവരെയും ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയുമാണ്.സമരം ചെയ്യുന്നവരോട് സര്‍ക്കാര്‍ സംസാരിക്കാന്‍ തയ്യാറാകാത്തത് ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് തന്നെ സമരത്തിലൂടെയാണ് അങ്ങനെയുള്ള രാജ്യത്ത് സത്യസന്ധമായ ആവശ്യം ഉന്നയിച്ച് സമരം നടത്തുന്ന റാങ്ക് ഹോള്‍ഡേഴ്‌സിനോട് സര്‍ക്കാര്‍ കാണിക്കുന്ന സമീപനം ശരിയല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന കണക്ക് യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല.ആയിരക്കണക്കിന് ആളുകളെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇത് തൊഴില്‍രഹിതരായ ചെറുപ്പക്കാരോടും റാങ്ക് ലിസ്റ്റില്‍ പേരുള്ളവരോടും കാട്ടുന്ന വഞ്ചനായാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിയമിച്ചവരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്ഥിരപ്പെടുത്തുന്നത്. രാഷ്ട്രീയ പരിഗണന വെച്ചു മാത്രമാണ് നിയമനം നടത്തുന്നത്.ഇത് അവസാനിപ്പിക്കണം. ഇനിയും ഇത്തരത്തില്‍ലുള്ള നിയമനത്തിന് സര്‍ക്കാര്‍ തയ്യാറാകരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.പുതിയ തസ്തികകള്‍ സൃഷ്ടിച്ച് റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ നിയമനം നടത്താന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതിന് കഴിയുന്നില്ലെങ്കില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നിട്ടണം.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്.ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങള്‍ നടത്തുന്നത് സരിതയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.സര്‍ക്കാരിന് അവരെ പേടിയാണെന്നാണ് അവര്‍ പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലാണ് ഏറ്റവും വലിയ തോന്ന്യവാസം നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ഐടി ഫെലോസ് എന്ന പേരില്‍ വിദേശത്ത് പൗരത്വ മുള്ളവരെപ്പോലും ഐടി വകുപ്പില്‍ നിയമിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുഴുവന്‍ അനധികൃതമായ നിയമനങ്ങളും പുനപരിശോധിക്കും. കേരള ബാങ്കും പിരിച്ചുവിടും. ബാങ്ക് എന്നു പറയാന്‍ പോലും റിസര്‍വ്വ് ബാങ്ക് അനുവദം നല്‍കിയിട്ടില്ല. കേരള ബാങ്കിന് ആവശ്യമായ അനുമതി കിട്ടിയിട്ടില്ല.സഹകരണ മേഖലയുടെ അന്തസത്തയെ തകര്‍ക്കുന്നതാണ് കേരള ബാങ്ക്. സഹകാരികള്‍ നടത്തേണ്ട ബാങ്ക് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുകയാണ്.സഹകരണ പ്രസ്ഥാനത്തെ കുഴിച്ചു മൂടന്നു നിലപാടാണുളളത്.സഹകാരിയുടെ പണം സഹകാരികള്‍ തന്നെ കൈകാര്യം ചെയ്യണമെന്ന സഹകരണ തത്വങ്ങളുടെ ഘടക വിരുദ്ധമാണ് കേരള ബാങ്കെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

29 രൂപയക്ക് നല്‍കാന്‍ പറ്റുന്ന പെട്രോള്‍ ആണ് ഇപ്പോള്‍ ജനങ്ങള്‍ 90 രൂപയക്ക് വാങ്ങേണ്ടി വരുന്നത്. 11 തവണയാണ് ബിജെപി സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്.എക്‌സൈസ് ഡ്യൂട്ടി ഇപ്പോള്‍ അല്‍പം കുറച്ചുവെങ്കിലും സംസ്ഥാനങ്ങള്‍ ഇത് കുറച്ചിട്ടില്ല. കേരളവും തയ്യാറായിട്ടില്ല.200 ശതമാനത്തിലേറെയാണ് കേന്ദ്രവും സംസ്ഥാനവും കൂടി കൂട്ടിയിരിക്കുന്ന നികുതി.സംസ്ഥാനം മാത്രം ചുമത്തുന്നത് 32 .03 ശതമാനം നികുതിയാണ്. പെട്രോള്‍ വില കൂടുന്നതനുസരിച്ച് സംസ്ഥാനത്തിന്റെ വരുമാനവും വര്‍ധിക്കുകയാണ്.കേന്ദ്രത്തിന്റെ കൊള്ളയില്‍ സംസ്ഥാനവും പങ്കുചേരുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ 619.17 കോടി രൂപയുടെ അധിക നികുതി വരുമാനമാണ് വേണ്ടെന്ന് വെച്ചത്.പക്ഷേ ഈ സര്‍ക്കാര്‍ ഒരിക്കല്‍ പോലും കൂട്ടിയ പെട്രോള്‍,ഡീസല്‍ വിലയുടെ അധിക നികുതി വേണ്ടെന്നു വെച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മഹാരാഷ്ട്ര,ഹിമാചല്‍ പ്രദേശ്,രാജസ്ഥാന്‍ അടക്കമുള്ള ഏതാനും സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള അധിക നികുതി കുറയ്ക്കാന്‍ തയ്യാറായി.മോഡി കാട്ടുന്ന ക്രൂരതയ്ക്ക് കൂട്ടു നില്‍ക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.പാചകവാതകത്തിന്റെ വിലയും വന്‍ തോതില്‍ വര്‍ധിപ്പിക്കുകയാണ്.ഇതും പുനപരിശോധിക്കണം.വര്‍ധിക്കുന്ന പെട്രോള്‍,ഡീസല്‍ വില വര്‍ധനവിനെതിരെ അഖിലേന്ത്യ തലത്തില്‍ പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ആലോചിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇത്തരത്തില്‍ പോയാല്‍ പെട്രോള്‍,ഡീസല്‍ വില താമസിയാതെ നൂറു കടക്കും.വില വര്‍ധിപ്പിക്കുന്നതല്ലാതെ ജനങ്ങള്‍ക്ക് ഒരു ക്ഷേമ പദ്ധതിയും സര്‍ക്കാര്‍ നല്‍കുന്നില്ല. കൊവിഡ് കാലത്ത് ജനങ്ങളുടെ കൈയ്യില്‍ നേരിട്ട് പണം എത്തുന്ന ഒരു പദ്ദതിയും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News