ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി; ഹരജി വീണ്ടും 29 ന് പരിഗണിക്കും
ഹരജിയില്‍ 29 ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇരട്ടവോട്ട് തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ സൂക്ഷ്മതയ്ക്ക് ഭീഷണിയാണെന്നും ഇതു തടയണമെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെടുന്നു
കൊച്ചി: വോട്ടര്‍പ്പട്ടികയിലെ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി.ഹരജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഹരജി വീണ്ടും 29 ന് കോടതി പരിഗണിക്കും.അന്ന് സത്യാവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.ഇരട്ടവോട്ടുകള്‍ക്കെതിരെ ഇന്നലെയാണ് അഡ്വ.അസഫലി മുഖേന രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
അതീവ ഗൗരവമുള്ള വിഷയമായതിനാല്‍ പ്രാധാന്യത്തോടെ കേസ് ഇന്ന് തന്നെ കേള്‍ക്കണമെന്ന് രമേശ് ചെന്നിത്തല കോടതിയോട് അഭ്യര്‍ഥിച്ചു.ഇത് പ്രകാരം പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്ന് അവധിയായിരുന്നിട്ടു കൂടി ഹരജിയുടെ പ്രാധാന്യം കണക്കിലെടുത്ത് മറ്റൊരു ബെഞ്ച് കേസ് കേള്‍ക്കുകയായിരുന്നുവെന്ന് അഡ്വ.അസഫലി പറഞ്ഞു. ഹരജയില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചുകൊണ്ട് കേസ് 29 ലേക്ക് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
ഇരട്ടവോട്ട് തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ സൂക്ഷ്മതയ്ക്ക് ഭീഷണിയാണെന്നും ഇതു തടയണമെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ വോട്ടര്‍പ്പട്ടികയില്‍ ഒന്നിലധികം തവണ പേരു ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഡ്വ. ടി ആസഫലി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. അധികമായി വന്നിട്ടുള്ള വോട്ടുകള്‍ മരവിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ചു അഞ്ചു തവണ തിരഞ്ഞെടുപ്പു കമ്മീഷനു നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല.
സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളില്‍ ഇരട്ടവോട്ടുകള്‍ വ്യാപകമായുണ്ടെന്നു ഹരജിയില്‍ ആരോപിക്കുന്നു. ഉന്നയിച്ച ആവശ്യം ശരിയും കഴമ്പുള്ളതുമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പു മേധാവി വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ പറയുന്നു. ഇരട്ട വോട്ടുകളുള്ളവര്‍ ഒന്നിലധികം വോട്ടു രേഖപ്പെടുത്തുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചു ശിക്ഷിക്കുന്നതിനു നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പു സംവിധാനം തകരാറിലാവുമെന്നു ഹരജിയിയില്‍ പറയുന്നു.